പുതിയ ഐ.സി.സി റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മയും യുവതാരം തിലക് വര്‍മയും. രോഹിത് ഏകദിന റാങ്കിങ്ങില്‍ രണ്ടാമെത്തിയപ്പോള്‍ തിലക് ടി – 20യിലാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഇരുവരും മാസങ്ങളോളം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാതെയാണ് ഈ മുന്നേറ്റം നടത്തിയതെന്നാണ് ശ്രദ്ധേയം.
ഏകദിന ബാറ്റിങ്ങിന്റെ റാങ്കിങ്ങില്‍ രണ്ടാമതുണ്ടായിരുന്ന പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് വീണതാണ് രോഹിത്തിന് നേട്ടമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ബാബറിന് പോയിന്റ് നഷ്ടമാവുന്നതിലേക്ക് നയിച്ചത്. നിലവില്‍ 751 ബാബറിന് പോയിന്റുകളാണ്.
രണ്ടാമതുള്ള ഇന്ത്യന്‍ നായകന് 756 പോയിന്റാണുള്ളത്. മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് രോഹിത് അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. ഈ റാങ്കിങ്ങില്‍ ഒന്നാമത് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭമന്‍ ഗില്ലാണ്.
784 പോയിന്റുമായാണ് ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതായത്. നാലും എട്ടും സ്ഥാനത്തുള്ള വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ആദ്യ പത്തിലെ മറ്റു ഇന്ത്യക്കാര്‍. വിരാടിനും ശ്രേയസിനും യഥാക്രമം 736 ഉം 704 ഉം പോയിന്റാണുള്ളത്.
അതേസമയം, ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്റെ വീഴ്ചയാണ് തിലക് വര്‍മയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയില്‍ ഫോം കണ്ടെത്താനാവാത്തതാണ് ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന് വിനായത്. ഹെഡിന്റെ പോയിന്റ് 782 ആയി കുറയുകയും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അതോടെ തിലക് ഒരു സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു.
നിലവില്‍ തിലകിന് 804 പോയിന്റാണുള്ളത്. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ടി – 20 യില്‍ താരം അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയത്. ഏകദിന റാങ്കിങ്ങില്‍ എന്നതുപോലെ ഇതിലും ഒന്നാം സ്ഥാനത്ത് ഒരു ഇന്ത്യന്‍ താരം തന്നെയാണ്. 829 പോയിന്ററുമായി അഭിഷേക് ശര്‍മയാണ് റാങ്കിങ്ങില്‍ തലപ്പത്തുള്ളത്.
ടി – 20 ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള മറ്റൊരു താരം കുട്ടി ക്രിക്കറ്റിലെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ്. താരം 739 പോയിന്റുമായി ആറാം സ്ഥാനത്താണ്.
Content Highlight: Rohit Sharma and Tilak Varma claim no.2 spot in ICC ODI and T20I batting ranking