| Saturday, 14th November 2026, 6:32 pm

'എന്റെ ഏറ്റവും പ്രിയപ്പെട്ട ചേട്ടൻ' സഞ്ജുവിനെക്കുറിച്ച് രോഹിത് ശർമ

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളി താരം സഞ്ജു സാംസണുമായി ആത്മബന്ധം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. സോണിയിൽ സംപ്രേഷണം ചെയ്യുന്ന രോഹിത് ശർമ അവതാരകനായി എത്തുന്ന ‘ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത്’ എന്ന പരിപാടിയിലായിരുന്നു രോഹിത് സഞ്ജുവിനെ ‘ചേട്ടാ’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത്.

‘ചേട്ടാ’ എന്ന വാക്ക് ഇന്ന് ലോക ക്രിക്കറ്റിൽ ഏറെ പരിചിതമാണ്. ആരാധകരും ടീമിലെ സഹതാരങ്ങളും എല്ലാം സഞ്ജുവിനെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ‘ചേട്ടാ’ എന്ന്.

ഷോയിൽ പങ്കെടുത്ത ഒരു യുവതിയോട് രോഹിത് ‘സുഖമാണോ’ എന്ന് മലയാളത്തിൽ ചോദിക്കുകയും, യുവതി മലയാളത്തിൽ സുഖമാണെന്ന് മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് രോഹിത് സഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. ‘എനിക്ക് ഒരുപാട് ചേട്ടന്മാരുണ്ട്, എന്നാൽ എന്റെ പ്രിയപ്പെട്ട ചേട്ടൻ ഇപ്പോൾ ന്യൂസിലാൻഡിലാണ്’ എന്നാണ് രോഹിത് പറഞ്ഞത്.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരക്കിടെയാണ് രോഹിത് ഇക്കാര്യം ഷോയിൽ പറഞ്ഞിരുന്നത്. ഇപ്പോഴാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

രോഹിത്തും സഞ്ജുവും പരസ്പരം മികച്ച വ്യക്തിബന്ധം നിലനിർത്തുന്നവരാണ്. 2026 ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡ് പര്യടനത്തിൽ നിറം മങ്ങിയപ്പോൾ തനിക്ക് ആത്മവിശ്വാസം നൽകിയത് രോഹിത്തിന്റെ വാക്കുകൾ ആയിരുന്നുവെന്ന് സഞ്ജു തുറന്നുപറഞ്ഞിരുന്നു. ജിയോ സ്റ്റാറിലൂടെയായിരുന്നു സഞ്ജു മുൻ നായകനെക്കുറിച്ച് സംസാരിച്ചിരുന്നത്.

‘നിരാശപ്പെടേണ്ട. ഇതൊരു നീണ്ട ടൂർണമെന്റാണ്. അവസരം ഏത് നിമിഷവും വരാമെന്ന് രോഹിത് പറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ, ഞാൻ അദ്ദേഹം പറഞ്ഞത് വിശ്വസിച്ചില്ല, അദ്ദേഹം ഹൃദയത്തിൽ നിന്നോ അനുഭവത്തിൽ നിന്നോ സംസാരിച്ചതായിരിക്കാം, പക്ഷേ അന്ന് അദ്ദേഹം എന്താണ് പറഞ്ഞത് എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല.

അന്ന് എന്റെ അവസ്ഥ അദ്ദേഹം മുഖത്ത് നിന്ന് മനസിലാക്കി. അന്ന് ഞാൻ അൽപ്പം നിരാശനായിരുന്നു. എനിക്ക് സുഖം പ്രാപിക്കാൻ (ലോകകപ്പിന് വേണ്ടി) കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും എടുക്കും. കാര്യങ്ങൾ മൂടിവയ്ക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നില്ല, അതിനാൽ എനിക്ക് 100 ശതമാനം സുഖം തോന്നുന്നില്ലെങ്കിൽ അത് എന്റെ മുഖത്ത് പ്രകടമാകും.

നാലോ അഞ്ചോ ദിവസം ആ ഘട്ടത്തിലൂടെ കടന്നുപോയി, പിന്നീട് എന്നെത്തന്നെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നു. നിങ്ങൾ പരാജയപ്പെട്ടുവെന്ന് നിങ്ങൾക്കറിയാം, അപ്പോൾ അടുത്തത് എന്താണ്? നിങ്ങൾ ഏറ്റവും താഴെ നിന്ന് മുകളിലേക്ക് പോകാനാണ് ശ്രമിക്കേണ്ടത്.ഞാൻ മാനസികമായി എന്നെത്തന്നെ പരിശീലിപ്പിക്കാൻ തുടങ്ങി. ഞാൻ എന്നോട് തന്നെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, ഞാൻ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്? എന്റെ ഉദ്ദേശ്യം എന്താണ്? ലോകകപ്പ് നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ എന്നെത്തന്നെ വീണ്ടും കണ്ടെത്തുന്നത് പോലെ തോന്നി. പിന്നീട് എല്ലാം തിരിച്ചുവന്നു,’ സഞ്ജു പറഞ്ഞു.

ലോകകപ്പിൽ അഞ്ച് ഇന്നിങ്‌സിൽ നിന്ന് 321 റൺസ് നേടിയായിരുന്നു സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. സഞ്ജു തന്നെയായിരുന്നു പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡും സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് തുടങ്ങിയത് മുതലുള്ള മത്സരങ്ങളിൽ ഇഷാൻ കിഷനും അഭിഷേക് ശർമയും തമ്മിലുള്ള ലെഫ്റ്റ്- ലെഫ്റ്റ് കോംബിനേഷൻ പരാജയപ്പെട്ടതോടെയായിരുന്നു നിർണായക മത്സരത്തിൽ ഇന്ത്യ ലെഫ്റ്റ് റൈറ്റ് കോംബിനേഷനിലേക്ക് തിരിച്ചെത്തിയത്.

Content Highlight: Rohit Sharma talks about Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more