ഏകദിന ക്രിക്കറ്റില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിരമിക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകള്‍ക്കിടയില്‍ സജീവമാവുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ 19ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ഏകദിനമായിരിക്കും ഇന്ത്യന്‍ കുപ്പായത്തിലുള്ള രോഹിത്തിന്റെ അവസാന മത്സരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള പദ്ധതിയില്‍ രോഹിത് ഇല്ലെന്ന റിപ്പോര്‍ട്ടും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.
രോഹിത്തിന്റെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയെ കുറിച്ച് രോഹിത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ കരിയര്‍ മാറ്റിമറിച്ചത് ധോണിയാണെന്നും ഒരു ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ സഹായകമായത് ധോണിയുടെ തീരുമാനമായിരുന്നുവെന്നുമായിരുന്നു രോഹിത് പറഞ്ഞത്. 2017ല്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു രോഹിത് ധോണി തന്റെ കരിയറില്‍ ഉണ്ടാക്കിയ നിര്‍ണായകമായ മാറ്റത്തെക്കുറിച്ച് സംസാരിച്ചത്.
‘ഏകദിനത്തില്‍ ഓപ്പണിങ് ചെയ്യാനുള്ള തീരുമാനം എന്റെ കരിയര്‍ മാറ്റിമറിച്ചു. ഇത് എം.എസ് ധോണിയെടുത്ത തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനുശേഷം ഞാന്‍ മികച്ച ഒരു ബാറ്ററായി. വാസ്തവത്തില്‍ അത് കളി നന്നായി മനസിലാക്കാനും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികച്ച രീതിയില്‍ കളിക്കാനും എന്നെ സഹായിച്ചു.
ധോണി എന്നോട് പറഞ്ഞു. ‘നിങ്ങള്‍ ഓപ്പണിങ് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നന്നായി കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് കട്ട്, പുള്‍ ഷൂട്ട് എന്നിവ കളിക്കാന്‍ കഴിയും. ഓപ്പണിങ്ങില്‍ വിജയിക്കാനുള്ള എല്ലാ ഗുണങ്ങളും നിങ്ങള്‍ക്കുണ്ട്’. പരാജയങ്ങളെ ഭയപ്പെടുകയോ വിമര്‍ശനങ്ങളില്‍ അസ്വസ്ഥനാകുയോ ചെയ്യരുതെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ആ വര്‍ഷം ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് ടീമിനെ കുറിച്ച് ഒരു വലിയ ചിത്രം ഉണ്ടായിരുന്നു. ഇത്രയും വര്‍ഷക്കാലം ധോണിയുടെ കീഴില്‍ കളിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു,’ രോഹിത് ശര്‍മ പറഞ്ഞു.
രോഹിത് ശർമ & എം.എസ് ധോണി
2007ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച രോഹിത് നീണ്ട 19 വര്‍ഷക്കാലം ഐതിഹാസികമായ ഒരു ക്രിക്കറ്റ് കരിയറാണ് ഇന്ത്യക്കൊപ്പം പടുത്തുയര്‍ത്തിയത്. 2013ല്‍ ധോണി രോഹിത്തിന് ഓപ്പണിങ് സ്ഥാനം നല്‍കിയതിന് പിന്നാലെയാണ് രോഹിത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്.
2013ല്‍ എം.എസ് ധോണിയുടെ കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോള്‍ നിര്‍ണായക പങ്കു വഹിച്ച താരവും രോഹിത് ആയിരുന്നു. ടൂര്‍ണമെന്റില്‍ 177 റണ്‍സ് നേടിയാണ് രോഹിത് തിളങ്ങിയിരുന്നത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കുശേഷം നടന്ന മറ്റൊരു ചാമ്പ്യന്‍ ട്രോഫിയില്‍ 304 റണ്‍സ് നേടിയും താരം തിളങ്ങി.
2019ല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമായി രോഹിത് മാറി. 2022ലാണ് രോഹിത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി മാറിയത്. നീണ്ട വര്‍ഷക്കാലത്തെ ഇന്ത്യയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചതും രോഹിത്ത് ആയിരുന്നു.
2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യന്‍ ട്രോഫി എന്നീ കിരീടങ്ങള്‍ രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് ഒരുപിടി കിരീടങ്ങള്‍ നേടി കൊടുത്തെങ്കിലും രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.
Content Highlight: Rohit Sharma talks about how M.S Dhoni help to impact on his carrier