ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്റെ അച്ഛന്‍ നിരാശനായതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ രോഹിത്. താന്‍ ഏകദിനത്തില്‍ 264 റണ്‍സ് നേടിയപ്പോള്‍ അച്ഛന്‍ വലിയ പ്രശംസ നല്‍കിയില്ലെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിച്ചപ്പോള്‍ അച്ഛന്‍ നിരാശനായെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
‘ഒന്നാം ദിവസം മുതല്‍ എന്റെ അച്ഛന്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് ആരാധകനാണ്. ഈ പുതിയ കാല ക്രിക്കറ്റ് അദ്ദേഹത്തിന് ഇഷ്ടമല്ല. ഒരു ഏകദിനത്തില്‍ ഞാന്‍ 264 റണ്‍സ് നേടിയ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹം ‘നന്നായി കളിച്ചു’ എന്ന് മാത്രം പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു ആവേശം ഉണ്ടായിരുന്നില്ല.
പക്ഷേ ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് നേടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം അതിനെക്കുറിച്ച് എന്നോട് വിശദമായി സംസാരിച്ചു. ഗെയിമിനോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്‌നേഹമതാണ്. ഞാന്‍ റെഡ് ബോളില്‍ ധാരാളം ക്രിക്കറ്റ് കളിക്കുന്നത് എന്റെ അച്ഛന്‍ കണ്ടിട്ടുണ്ട്. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം അല്‍പ്പം നിരാശനായി,’ രോഹിത് ശര്‍മ.
റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 2013ല്‍ അരങ്ങേറ്റം നടത്തി 116 ഇന്നിങ്‌സില്‍ നിന്ന് 4301 റണ്‍സാണ് രോഹിത് നേടിയത്. 40.6 ആവറേജില്‍ 212 എന്ന ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് രോഹിത് റണ്‍സ് സ്‌കോര്‍ ചെയ്തത്. ഫോര്‍മാറ്റില്‍ 12 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നു.
Content Highlight: Rohit Sharma Talks About His Test Cricket Retirement