| Tuesday, 29th September 2026, 3:33 pm

ഞങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ച് പ്രത്യേക ചര്‍ച്ചകളൊന്നും നടക്കാറില്ല; ലോകകപ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രോഹിത്

ശ്രീരാഗ് പാറക്കല്‍

വിന്‍ഡീസിനെതിരായ വിജയത്തിന് പിന്നാലെ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് രോഹിത് ശര്‍മ. ലോകകപ്പിന് വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത്. വിരാട് വര്‍ഷങ്ങളായി കളിക്കുന്ന താരമാണെന്നും ലോകകപ്പിനെക്കുറിച്ച് പ്രത്യേകമായി വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തങ്ങള്‍ക്കിടയില്‍ ലോകകപ്പിനെക്കുറിച്ച് പ്രത്യേക ചര്‍ച്ചകളൊന്നും നടക്കാറില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

‘അവന്‍ (വിരാട് കോലി) വര്‍ഷങ്ങളായി കളിക്കുന്ന താരമാണ്. 2027 ലോകകപ്പായാലും 2023 ലോകകപ്പായാലും അതേക്കുറിച്ച് അവനോട് പ്രത്യേകമായി വിശദീകരിക്കേണ്ട ആവശ്യമില്ല. ലോകകപ്പ് ലോകകപ്പ് തന്നെയാണ്. ടീമിന്റെ ഭാഗമാകുന്ന എല്ലാവര്‍ക്കും ലോകകപ്പിന്റെ പ്രാധാന്യം അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രത്യേകിച്ച് കോഹ്‌ലിക്ക്.

ഈ ടീമില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ കളിച്ചിട്ടുള്ള താരം അവനാണെന്നാണ് ഞാന്‍ കരുതുന്നത്. 50 ഓവര്‍ ലോകകപ്പില്‍ 2011, 2015, 2019, 2023 വര്‍ഷങ്ങളില്‍ അവന്‍ കളിച്ചു. ഇനി അഞ്ചാമത്തേതായിരിക്കും. അതുകൊണ്ടുതന്നെ ലോകകപ്പിന്റെ പ്രാധാന്യം അവന് നന്നായി അറിയാം. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ച് പ്രത്യേക ചര്‍ച്ചകളൊന്നും നടക്കാറില്ല,’ രോഹിത് ശര്‍മ ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 108 പന്തില്‍ 13 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്.

88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്‌സുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്. മാത്രമല്ല ഏകദിന ചരിത്രത്തില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാകാനും വിരാടിന് സാധിച്ചു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഈ നാഴികക്കല്ലിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് വിരാട്.

Content Highlight: Rohit Sharma Talking About Virat Kohli

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more