വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതോടെ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും നിയമിച്ച് ഇന്ത്യ 15 അംഗ സ്‌ക്വാഡ് പുറത്തുവിട്ടിരുന്നു.
2024 ടി-20 ലോകകപ്പിലെ വിജയത്തിനുശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അല്ലാതെ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടി-20 ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. നിലവില്‍ രോഹിത് ശര്‍മ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ മാത്രമാണ്.
അടുത്തിടെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് വിരമിച്ചിരുന്നു. ഇപ്പോള്‍ തന്റെ വിരമിക്കലിന് പിന്നിലെ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. മുംബൈയില്‍ നടന്ന ഒരു പരിപാടിയിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. ഫോര്‍മാറ്റ് ഏറെ ദൈര്‍ഘ്യമുള്ളതാണെന്നും മാനസികമായി വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഫോര്‍മാറ്റില്‍ ഒരുപാട് കാര്യങ്ങള് ചെയ്യേണ്ടി വരുമെന്നും മികച്ച ഏകാഗ്രതയുണ്ടാകണമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ ഏറ്റവും കൂടുതല്‍ തയ്യാറെടുക്കേണ്ട ഒന്നാണിത്, കാരണം ഈ ഫോര്‍മാറ്റ് ഒരുപാട് ദൈര്‍ഘ്യം ആവശ്യപ്പെടുന്നു. മാനസികമായി, അത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. മാത്രമല്ല അത് ക്ഷീണിപ്പിക്കുകയും ചെയ്യും. എല്ലാ ക്രിക്കറ്റ് കളിക്കാരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച് വളര്‍ന്നവരാണ്. ഞങ്ങള്‍ ഇത് വളരെ ചെറുപ്പം മുതലേ ആരംഭിക്കുന്നു.
ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റ് കളിക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടിവരും, ഏകാഗ്രതയാണ് പ്രധാനം. ഉയര്‍ന്ന തലത്തിലുള്ള പ്രകടനം പ്രതീക്ഷിക്കുമ്പോള്‍, അത് ആരംഭിക്കുന്നത് മികച്ച മാനസികാവസ്ഥയിലാകണം,’ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ രോഹിത് സംസാരിച്ചു.
അതേസമയം സെപ്റ്റംബര്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലായതിനാല്‍ ആവേശം ഇരട്ടിയാകുമെന്നും ഉറപ്പാണ്.
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: Rohit Sharma Talking About His Test Retirement