| Monday, 10th February 2025, 10:58 am

അവര്‍ ബോഡി ലൈനില്‍ പന്തെറിഞ്ഞു, പക്ഷെ പണി പാളി; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

49.5 ഓവറില്‍ 304 റണ്‍സിന് ജോസ് ബട്‌ലറിന്റെ ത്രീ ലയണ്‍സ് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-0ന് സ്വന്തമാക്കാനും ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിലെ മിന്നും വിജയത്തെക്കുറിച്ച് സംസാരിക്കുകായണ് രോഹിത്.

‘വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പരമ്പരയിലെ നിര്‍ണായകമായ മത്സരമായിരുന്നു ഇത്. എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചു. ഏകദിന ക്രിക്കറ്റ് എന്നാല്‍ ടി-20 യേക്കാള്‍ വലിയൊരു ഫോര്‍മാറ്റാണ്. എന്നാല്‍ ടെസ്റ്റിനേക്കാള്‍ ചെറിയ ഫോര്‍മാറ്റും. അതുകൊണ്ട് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കണം. ഇംഗ്ലണ്ട് ബൗളര്‍മാര്‍ ശരീരത്തെ ലക്ഷ്യമാക്കിയാണ് പന്തെറിഞ്ഞത്. എന്നാല്‍ ഗ്യാപുകള്‍ കണ്ടെത്തി റണ്‍സ് നേടാന്‍ എനിക്ക് കഴിഞ്ഞു. ഗില്ലില്‍ നിന്നും ശ്രേയസില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചു.

ആര്‍ക്കും ജയിക്കാന്‍ സാധിക്കുന്ന ഒരു മത്സരം തന്നെ ആയിരുന്നു ഇത്. മധ്യ ഓവറുകളില്‍ ഇന്ത്യക്ക് ആധിപത്യം ലഭിച്ചു. അതിനാല്‍ തന്നെ മത്സരം ജയിക്കാന്‍ സാധിച്ചു. ആദ്യ മത്സരത്തിലും സമാനമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. പക്ഷെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇനിയും കൂടുതല്‍ ടീം എന്ന നിലയില്‍ മെച്ചപ്പെടാനുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഓപ്പണിങ് ഇറങ്ങി 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്‌സറുകളും 12 ഫോറും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ താണ്ഡവമാടിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറിയാണ് രോഹിത് നേടിയത്. മാത്രമല്ല മത്സരത്തിലെ താരമാകാനും രോഹിത്തിന് സാധിച്ചു. ഏറെ കാലങ്ങള്‍ക്ക് ശേഷം ഫോമിലേക്ക് എത്തിയ രോഹിത് വിമര്‍ശനങ്ങള്‍ക്കുള്ള മികച്ച മറുപടിയാണ് നല്‍കിയത്.

രോഹിത്തിന് പുറമെ മിന്നും പ്രകടനം കാഴ്ചവെച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 52 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് നടക്കുന്നത്.

Content Highlight: Rohit Sharma Talking About His Performance

We use cookies to give you the best possible experience. Learn more