2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.
മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വിരാടിന് പുറമെ ഒരു ഫോറും നാല് സിക്‌സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍ നിര്‍ണായകമായ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്.
ഫൈനലില്‍ താന്‍ ഏറെ പേടിച്ച സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ രോഹിത് ശര്‍മ. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ രോഹിത് ഒമ്പത് റണ്‍സിന് പുറത്തായതിന് പിന്നാലെ കീപ്പര്‍ റിഷബ് പന്ത് ഓവറിലെ അവസാന പന്തില്‍ പൂജ്യം റണ്‍സിനും പുറത്തായി.
പിന്നീട് സൂര്യകുമാര്‍ യാദവ് മൂന്ന് റണ്‍സിനും കൂടാരം കയറിയ സമയം ഇന്ത്യ ഏറെ സമ്മര്‍ദത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ഫൈനസില്‍ തന്നെ ഏറെ പേടിപ്പിച്ചതെന്ന് രോഹിത് പറഞ്ഞു. മാത്രമല്ല ആശങ്കകളെ മറികടന്ന് വിരാട് കോഹ്‌ലിയും അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി-20 ലോകകപ്പ് ഫൈനലില്‍ നമ്മള്‍ക്ക് മൂന്ന് വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടപ്പെട്ടപ്പോള്‍, ഞാന്‍ വല്ലാതെ പേടിച്ചു. എനിക്ക് ഒട്ടും കംഫേര്‍ട്ട് ആവാന്‍ സാധിച്ചില്ല, ഡ്രസ്സിങ് റൂമില്‍ ഒരുപാട് ആശങ്കകളുണ്ടായി. പക്ഷേ വിരാട് കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവെച്ചു. വിരാട് അക്‌സറുമായി ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. ഇന്നിങ്സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്ക് ഒരു കളിക്കാരന്‍ ആവശ്യമായിരുന്നു, വിരാട് അത് മികച്ച രീതിയില്‍ ചെയ്തു,’ രോഹിത് ശര്‍മ പറഞ്ഞു.
Content Highlight: Rohit Sharma Talking About Crucial Time In 2024 T-20 World Cup