2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിനെക്കുറിച്ചും തന്റെ മാനസികാവസ്ഥയേക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മ. പരാജയത്തിന് ശ്ഷം വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നതായി രോഹിത് പറഞ്ഞു. ഫൈനലിലെ തോല്‍വി തനിക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നും താന്‍ പൂര്‍ണമായും നിരാശയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം എല്ലാം അവസാനിച്ചെന്ന് എനിക്ക് തോന്നി. ഞാന്‍ പൂര്‍ണമായും നിരാശനായിരുന്നു. എന്നാല്‍ ക്രിക്കറ്റ് എന്നെ കൊണ്ട് എളുപ്പത്തില്‍ ഉപേക്ഷിക്കാനാവുന്ന ഒന്നല്ല അറിയാന്‍ സമയമെടുത്തു. ഓസീസിനെതിരെ ഫൈനലില്‍ തോറ്റെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല.
2022ല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തശേഷമുള്ള ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ലോകകപ്പ് നേടുകയെന്നത്. ടി-20 ലോകകപ്പായാലും 2023ലെ ലോകകപ്പായാലും വിജയിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് സംഭവിക്കാതെ പോയപ്പോള്‍ തകര്‍ന്നു പോയി. എന്നെ തന്നെ വീണ്ടെടുക്കാന്‍ രണ്ട് മാസമെടുത്തു,’ രോഹിത് ശര്‍മ പറഞ്ഞു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഫൈനലിലെത്തിയ ഇന്ത്യ കലാശപ്പോരില്‍ ഓസീസിന് മുന്നില്‍ തകരുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ന്ന് നിശ്ചിത ഓവറില്‍ 240 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയും മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ട്രാവിസ് ഹെഡ്ഡിന്റെ 137 റണ്‍സിന്റെ കരുത്തിലാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.