| Tuesday, 5th May 2026, 7:39 am

തിരിച്ചെത്തിയത് ജഡേജയെ വെട്ടാന്‍; ഐ.പി.എല്‍ ചരിത്രത്തില്‍ രോഹിത് ഇനി രണ്ടാമന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ ലഖ്‌നൗവിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 എന്ന കൂറ്റന്‍ ടോട്ടലാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. സീസണില്‍ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ സ്വന്തമാക്കുന്നത്. തോല്‍വിയോടെ ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.

രോഹിത് ശര്‍മയുടെയും റയാന്‍ റിക്കല്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് മുംബൈ ജയിച്ചുകയറിയത്. രോഹിത് 44 പന്തില്‍ ആറ് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 84 റണ്‍സാണ് അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പരിക്കേറ്റ് പുറത്തായ രോഹിത് കിടിലന്‍ പ്രകടനത്തോടെയാണ് തിരിച്ചെത്തിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ രണ്ടാമത്തെ താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ രാജസ്ഥാന്‍ താരം രവീന്ദ്ര ജഡേജയെയാണ് രോഹിത് മറികടന്നത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയവര്‍

(താരം, വിജയം, മത്സരം എന്ന ക്രമത്തില്‍)

എം.എസ്. ധോണി – 156 – 278

രോഹിത് ശര്‍മ – 147* – 227

രവീന്ദ്ര ജഡേജ – 146 – 264

വിരാട് കോഹ്‌ലി – 139 – 276

ദിനേശ് കാര്‍ത്തിക് – 130 – 257

മത്സരത്തില്‍ റിക്കല്‍ട്ടണ്‍ 32 പന്തില്‍ 83 റണ്‍സ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. കളിയിലെ താരവും റിക്കല്‍ട്ടണായിരുന്നു.

അതേസമയം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിന്‍ബലത്തിലാണ് ലഖ്‌നൗ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. 21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

പൂരന് പുറമെ മിച്ചല്‍ മാര്‍ഷ് 44 റണ്‍സും ഹിമന്ത് സിങ് 40 റണ്‍സും എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില്‍ ജാക്സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മെയ് ഏഴിന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എല്‍.എസ്.ജിയുടെ അടുത്ത മത്സരത്തിലെ എതിരാളികള്‍. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം. മെയ് പത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെയും മത്സരം. റായ്പൂരിലാണ് മത്സരം നടക്കുന്നത്.

Content Highlight: Rohit Sharma Surpass Ravindra Jedeja In Great IPL Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more