| Sunday, 19th July 2026, 9:36 pm

തിരുമ്പി വന്തിട്ടേ സൊല്ല്...! ഗെയ്‌ലിനെ വെട്ടി 'സേനയ്‌ക്കെതിരെ' ചരിത്രം കുറിച്ച് ഹിറ്റ്മാന്‍

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സിന്റെ മികച്ച റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

നിലവില്‍ മറുപിടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 89 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് സൂപ്പര്‍ താരം രോഹിത് ശര്‍മയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്. 54 പന്തില്‍ 52 റണ്‍സാണ് ഗില്‍ നേടിയത്.

രോഹിത് 36 പന്തില്‍ 36 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയ രോഹിത് മൂന്നാം മത്സരത്തില്‍ മികച്ച തിരിച്ചുവരവാണ് പ്രകടമാക്കുന്നത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് താരം നിലവില്‍ ബാറ്റ് ചെയ്യുന്നത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡും രോഹിത് നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സേനാ ടീമുകള്‍ക്കെതിരെ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമാകാനാണ് ഹിറ്റ്മാന്‍ രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനെയാണ് താരം മറികടന്നത്.

സേന രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം

(താരം, ടീം, സിക്‌സ്)

രോഹിത് ശര്‍മ (ഇന്ത്യ) – 343*

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 342

വിരാട് കോഹ്‌ലി (ഇന്ത്യ) – 179

എം.എസ്. ധോണി (ഇന്ത്യ) – 177

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 176

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് 135 പന്തില്‍ നിന്ന് 141 റണ്‍സാണ് താരം നേടിയത്. 18 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപൊളിച്ചാണ് ഡക്കറ്റ് ലോര്‍ഡ്‌സില്‍ വമ്പന്‍ സ്‌കോര്‍ നേടിയത്.

ഓപ്പണര്‍ ജേക്കബ് ബേഥല്‍ 93 പന്തില്‍ 91 റണ്‍സ് നേടി മികവ് പുലര്‍ത്തി. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 192 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 14 റണ്‍സിന് പുറത്തായെങ്കിലും 48 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സ് നേടി മിന്നും പ്രകടനമാണ് ജോ റൂട്ട് സ്വന്തമാക്കിയത്. മാത്രമല്ല ഒരുവശത്ത് 13 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടി ജോസ് ബട്‌ലറും തിളങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രിന്‍സ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ബോള്‍ എറിഞ്ഞ എല്ലാവരേയും ഇംഗ്ലണ്ട് താരങ്ങള്‍ തലങ്ങും വിലങ്ങും അടിച്ചുപറത്തിയിരുന്നു.

Content Highlight: Rohit Sharma Surpass Chris Gayle In Great Record Achievement Against SENA Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more