സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ഏകദിന ക്രിക്കറ്റില്‍ ഇപ്പോള്‍ അത്ര നല്ല കാലമല്ല. കഴിഞ്ഞ ദിവസമവസാനിച്ച ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ പരമ ദയനീയമായ പ്രകടനമായിരുന്നു താരത്തിന്റേത്. മൂന്ന് കളികളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായിരുന്നു.
കഴിഞ്ഞ 23 ഏകദിനങ്ങളില്‍ നിന്ന് 24.05 ശരാശരിയില്‍ 433 റണ്‍സ് മാത്രമാണ് സ്‌കൈക്ക് നേടാനായത്. മൂന്ന് കളികളിലും ഗോള്‍ഡന്‍ ഡക്കായ താരത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
എന്നാല്‍ സൂര്യകുമാറിന് പിന്തുണയുമായെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സൂര്യകുമാര്‍ ഇപ്പോള്‍ ഒരു മോശം സാഹചര്യത്തിലൂടെ കടന്ന് പോകുകയാണെന്നും എന്നാല്‍ അവന്റെ കഴിവ് അവിടെ തന്നെ ഉണ്ടാകുമെന്നുമാണ് രോഹിത് പറഞ്ഞത്.
‘അവന്‍ മൂന്ന് കളികളില്‍ ആകെ മൂന്ന് പന്ത് മാത്രമാണ് കളിച്ചത്. ആ മൂന്ന് ബോളുകളും ബാറ്റര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മികച്ച ഡെലിവറികളായാരുന്നു. സ്പിന്നിനെതിരെ മികച്ച പ്രകടനമാണ് യാദവ് പുറത്തെടുക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാമത് കാണുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് സ്വതസിദ്ധമായ തന്റെ ശൈലി പുറത്തെടുക്കാന്‍ കഴിയുന്ന അവസാന 15-20 ഓവറുകളിലേക്ക് അവനെ ഇറക്കിയത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവന് മൂന്ന് പന്തുകള്‍ മാത്രമേ നേരിടാന്‍ കഴിഞ്ഞുള്ളൂ. ഈ അവസ്ഥ ആര്‍ക്കും വരാം. എന്നാല്‍ കഴിവും പ്രതിഭയും നഷ്ടമാകുന്ന സംഗതികളല്ല. അത് അവിടെത്തന്നെ ഉണ്ടാകും. അവനിപ്പോള്‍ കുറച്ച് മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്,’ രോഹിത് പറഞ്ഞു.
ആദ്യ രണ്ട് കളികളിലും മിച്ചല്‍ സ്റ്റാര്‍ക് ആയിരുന്നു സൂര്യയെ പുറത്താക്കിയത്. ആഷ്ടന്‍ ആഗറിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു മൂന്നാം ഏകദിനത്തിലെ മടക്കം.
മൂന്ന് ഏകദിനത്തിലും സംപൂജ്യനായി മടങ്ങിയതോടെ ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ആദ്യ പന്തില്‍ പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ മാറിയിരുന്നു.
Conent Highlihts: Rohit Sharma supports Suryakumar