| Sunday, 22nd March 2026, 3:10 pm

സെഞ്ച്വറിയും ഹാട്രിക്കും; ഈ സ്വപ്നനേട്ടത്തില്‍ മുന്നേ മൂന്ന് പേര്‍ മാത്രം, സര്‍പ്രൈസായി രോഹിത് ശര്‍മയും!

ഫസീഹ പി.സി.

ബാറ്റര്‍മാര്‍ക്ക് സെഞ്ച്വറി, ബൗളര്‍മാര്‍ക്കാണെങ്കില്‍ ഹാട്രിക്. ഇത് ഓരോ ക്രിക്കറ്റര്‍മാരുടെയും സ്വപ്നനേട്ടമാണ്. ഒരിക്കലെങ്കിലും ഇത് നേടിയെടുക്കുക എന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പല താരങ്ങളും വിവിധ ക്രിക്കറ്റ് ഫോര്‍മാറ്റികളിലായി ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

ഐ.പി.എല്ലിലും ഇത് വ്യത്യസ്തമല്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 19 ബൗളര്‍മാര്‍ ഹാട്രിക്ക് എടുത്തപ്പോള്‍ 58 താരങ്ങള്‍ സെഞ്ച്വറിയും അടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, ടൂര്‍ണമെന്റില്‍ ഇത് രണ്ടും സ്വന്തമാക്കിയ താരങ്ങളുണ്ട്. വെറും മൂന്ന് പേര്‍ മാത്രമാണ് ഈ നേട്ടം കൈപിടിയിലൊതുക്കിയത്.

രോഹിത് ശര്‍മ. Photo: Mumbai Indians/x.com

ആരാധകരുടെ പ്രിയ ഹിറ്റ്മാന്‍, രോഹിത് ശര്‍മയാണ് ആദ്യമായി ഹാട്രിക്കും സെഞ്ച്വറി നേടിയ ആദ്യ താരം. ഡെക്കാന്‍ ചാര്‍ജേഴ്സിലൂടെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയ താരം ഹാട്രിക്കും ടീമിനൊപ്പം തന്നെയാണ് സ്വന്തമാക്കിയത്. 2009ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം.

2011ല്‍ മുംബൈയിലേക്ക് ചേക്കേറിയ രോഹിത് ടീമിനൊപ്പമുള്ള രണ്ടാം സീസണിലാണ് ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി കരസ്ഥമാക്കിയത്. ഈ സെഞ്ച്വറി 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായിരുന്നു. പിന്നീട് ഒരിക്കല്‍ കൂടി താരം സെഞ്ച്വറി അടിച്ചു. 2024ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു മുംബൈയുടെ മുന്‍ നായകന്റെ സെഞ്ച്വറി.

രണ്ടാമതായി ഈ ലിസ്റ്റില്‍ ഇടം പിടിച്ചത് ഐ.പി.എല്‍ ഇതിഹാസമായ ഷെയ്ന്‍ വാട്‌സനാണ്. 2013ല്‍ കന്നി സെഞ്ച്വറിയടിച്ച താരം 2014ല്‍ ഹാട്രിക്കും സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച താരം സി. എസ്. കെക്കെതിരെ സെഞ്ച്വറിയടിച്ചപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയായിരുന്നു ഹാട്രിക്ക് നേട്ടം.

ഷെയ്ൻ വാട്സൺ.

അതിന് ശേഷം വാട്‌സണ്‍ മൂന്ന് തവണ സെഞ്ച്വറി നേടി. ആര്‍.ആറിനൊപ്പം ഒരിക്കല്‍ കൂടി മൂന്നക്കം കടന്ന താരം ചെന്നൈക്കൊപ്പം രണ്ട് തവണയും ശതകത്തിലെത്തി.

സെഞ്ച്വറി നേട്ടമാഘോഷിക്കുന്ന സുനിൽ നരെയ്ൻ.

ഇവര്‍ക്കൊപ്പം അവസാനമായി പേര്‍ ചേര്‍ത്തത് വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നാണ്. 2013ലാണ് നരെയ്ന്‍ ഹാട്രിക്ക് നേടിയത്. കെ.കെ.ആര്‍ ജേഴ്‌സിയില്‍ ഇറങ്ങിയ താരം കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായാണ് ഹാട്രിക്ക് തന്റെ പേരില്‍ ചേര്‍ത്തത്. പക്ഷേ, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ക്ക് ഒരു സെഞ്ച്വറി നേടാന്‍ 2024 വരെ കാത്തിരിക്കേണ്ടി വന്നു. ആ വര്‍ഷം രാജസ്ഥാനെതിരെയായിരുന്നു താരം കന്നി ടണ്‍ സ്വന്തമാക്കിയത്.

Content Highlight: Rohit Sharma, Shane Watson and Sunil Narine are three players with Century and hat trick in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more