| Thursday, 24th September 2026, 1:03 pm

സെപ്ഷ്യല്‍ ഡബിള്‍ സെഞ്ച്വറിക്ക് ഹിറ്റ്മാന്‍; വിന്‍ഡീസിനെതിരെ ചരിത്രം പിറക്കും

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി20കള്‍ക്കുമായാണ് കരീബിയന്‍ കരുത്തര്‍ ഇന്ത്യയില്‍ പര്യടനം നടത്തുക. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം.

ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന സ്‌ക്വാഡില്‍ പരിചയസമ്പന്നരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ഭാഗമാണ്. മൂവരും അടുത്ത ലോകകപ്പിനുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഇവര്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നത് എന്നതും ശ്രദ്ധേയമാണ്.

വിരാടും രോഹിത്തും ജഡേജയും

സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ ആദ്യ ഏകദിനം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ ഒരു റെക്കോഡും കാത്തിരിക്കുന്നുണ്ട്.

ഓപ്പണറുടെ റോളില്‍ 200ാം ഏകദിന ഇന്നിങ്‌സിനാണ് മുന്‍ നായകന്‍ കളത്തിലിറങ്ങുന്നത്. കരിയറില്‍ ഇതുവരെ 280 ഏകദിന ഇന്നിങ്‌സുകളില്‍ ബാറ്റേന്തിയ താരം 199 ഇന്നിങ്‌സുകളിലാണ് ഓപ്പണറുടെ റോളില്‍ ബാറ്റിങ്ങിനിറങ്ങിയത്.

രോഹിത് ശര്‍മ. Photo: BCCI/x.com

ആദ്യ 199 ഏകദിന ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍മാരുടെ പട്ടികയില്‍ ഒന്നാമനാണ് രോഹിത്. രണ്ടാം സ്ഥാനത്തുള്ള സച്ചിനേക്കാള്‍ ബഹുദൂരം മുമ്പിലാണ് ഹിറ്റ്മാന്‍.

ആദ്യ 199 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 9,865

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 9,212

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 8083 (175 ഇന്നിങ്‌സുകള്‍)

സൗരവ് ഗാംഗുലി – ഇന്ത്യ – 7,848

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 7,641

സയീദ് അന്‍വര്‍ – പാകിസ്ഥാന്‍ – 7,487

ഡെസ്മണ്ട് ഹെയ്ന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 7,445

അതേസമയം, ഓപ്പണറുടെ റോളില്‍ 135 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഓപ്പണറെന്ന നിലയില്‍ 10,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനും രോഹിത്തിന് സാധിക്കും.

എന്നാല്‍ 105ാം റണ്‍സിലെത്തുമ്പോള്‍ 12,000 ഏകദിന റണ്‍സെന്ന കരിയറിലെ മറ്റൊരു നാഴികക്കല്ലും രോഹിത് മറികടക്കും.

രോഹിത് ശര്‍മ. Photo: BCCI/x.com

സെഞ്ച്വറി നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി നേടുന്ന പ്രായം കൂടിയ താരം, ആറ് സിക്‌സറടിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമധികം ഏകദിന സിക്‌സര്‍ നേടുന്ന താരം, 12 സിക്‌സറുകള്‍ നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരം തുടങ്ങി നിരവധി റെക്കോഡുകളും രോഹിത് പൂര്‍ത്തിയാക്കും.

ഒടുവില്‍ കളത്തിലിറങ്ങിയ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയുമായി തിളങ്ങിയ രോഹിത് വിന്‍ഡീസിനെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content highlight: Rohit Sharma set to play his 200th ODI as an opener.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more