| Sunday, 27th September 2026, 7:22 am

എന്റെ കരിയർ അവസാനിച്ചിട്ടില്ല; ലക്ഷ്യം വെളിപ്പെടുത്തി രോഹിത് ശർമ

അഞ്ജലി പി.കെ.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ. മികച്ച ബാറ്റിങ് പ്രകടനങ്ങളിലൂടെയും ക്യാപ്റ്റൻസിയിലൂടെയും ലോക ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മുൻ ഇന്ത്യൻ നായകന് സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട ടി-20, ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്നും വിരമിച്ച രോഹിത്‌ തന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന ചിന്ത ഒരിക്കലും മനസ്സിൽ വന്നിട്ടില്ലെന്നും കളിക്കുന്നിടത്തോളം കാലം മുന്നിൽ പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടാകുമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്. ജിയോ സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരമൊരു കാര്യം വെളിപ്പെടുത്തിയത്.

‘ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ അവസാനിച്ചുവെന്ന ചിന്ത ഒരിക്കലും എന്റെ മനസ്സിലൂടെ കടന്നുപോകില്ല. നിങ്ങൾ കളിക്കുന്നിടത്തോളം കാലം, മുന്നോട്ട് നോക്കാനും പ്രതീക്ഷിക്കാനും എപ്പോഴും എന്തെങ്കിലും ഉണ്ടാകും. ഇപ്പോൾ ഞാൻ ലോകകപ്പിനായി കാത്തിരിക്കുകയാണ്.കൂടാതെ എനിക്ക് മുന്നിലുള്ള കാര്യങ്ങളിലേക്കും കൂടുതൽ ശ്രദ്ധ നൽകുന്നുമുണ്ട്.

ലോകകപ്പ് നടക്കുമ്പോഴും ഒരു ഐ.സി.സി ടൂർണമെന്റ് കളിക്കുമ്പോഴും അതിന്റേതായ വെല്ലുവിളികളുണ്ട്. കാരണം, വ്യത്യസ്ത എതിരാളികളെ നേരിടേണ്ടിവരും, വ്യത്യസ്ത വേദികളിൽ കളിക്കേണ്ടിവരും. അതിനാൽ വ്യത്യസ്ത രീതിയിൽ തയ്യാറെടുക്കുകയും ചിന്തിക്കുകയും വേണം. അതാണ് അതിലെ ഏറ്റവും വലിയ വെല്ലുവിളി,’ രോഹിത് പറഞ്ഞു.

2023 ൽ ഓസ്‌ട്രേലിയക്ക് എതിരെയാണ് അവസാനമായി രോഹിത് ഏകദിന ലോകകപ്പ് മത്സരം കളിച്ചത്. മികച്ച ബാറ്റിങ് പ്രകടനത്തോടെ രോഹിത് 11 ഇന്നിങ്‌സുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 597 റൺസാണ്. 125.95 സ്ട്രൈക്ക് റേറ്റിലും 54.27 ശരാശരിയിലുമാണ് അദ്ദേഹം ബാറ്റ് വീശിയത്. ഈ വെടിക്കെട്ട് പ്രകടനത്തോടെ ഒരു ലോക കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോഡും ഹിറ്റ് മാൻ സ്വന്തമാക്കി.

രോഹിത് ശർമ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ഈ ആവേശപ്പോരാട്ടത്തിൽ ഇതിഹാസ താരം രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉൾപ്പെടുന്നുണ്ടെന്ന പ്രത്യേകതയും ഈ മത്സരത്തിലുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പരയിലെ ആദ്യമത്സരം ഇന്ന് (സെപ്റ്റംബർ 27) തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

ഈ ഏകദിന പരമ്പരയ്ക്ക് ശേഷം 2027 ലെ ഏകദിന ലോകകപ്പാണ് രോഹിത് ശർമയുടെ പ്രധാന ലക്ഷ്യം. വരാനിരിക്കുന്ന പോരാട്ടങ്ങളിൽ ഹിറ്റ്മാന്റെ തകർപ്പൻ ബാറ്റിങ് പ്രകടനം കാണാമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights : Rohit Sharma says that his cricket career is not over

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more