ഐ.പി.എല്‍ ചരിത്രത്തില്‍ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കാനുറച്ചാണ് മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങുന്നത്. രോഹിത് ഗുരുനാഥ് ശര്‍മയെന്ന അതികായന് കീഴില്‍ അഞ്ച് തവണ ഐ.പി.എല്ലിന്റെ കൊടുമുടി കയറിയ മുംബൈ ഇന്ത്യന്‍സിന് എന്നാല്‍ അദ്ദേഹം ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങിയ ശേഷം ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല.
നായകനായി ദില്‍സേ ആര്‍മിയെ ചൂടിച്ച കിരീടം ഇത്തവണ പ്ലെയറുടെ റോളില്‍ സ്വന്തമാക്കാനും തന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ഏഴാം കിരീടം ചേര്‍ത്തുവെക്കാനുമാണ് രോഹിത് ഒരുങ്ങുന്നത്.
രോഹിത് ശര്‍മ
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരിക്കലും പകരം വെക്കാന്‍ സാധിക്കാത്ത താരമാണ് രോഹിത് ശര്‍മ. അതിന് കാരണമോ രോഹിത് സ്വന്തം പേരില്‍ കുറിച്ച നേട്ടങ്ങളും വിജയങ്ങളും തന്നെ. ഐ.പി.എല്‍ ഉള്ളിടത്തോളം കാലമുണ്ടാകുന്ന നേട്ടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കേവലം ബാറ്റര്‍ എന്ന ലേബലില്‍ മാത്രമല്ല, ഫീല്‍ഡറുടെ റോളിലും ക്യാപ്റ്റന്‍സിയിലും എന്തിന് പന്തെറിഞ്ഞും രോഹിത് ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
രോഹിത് ശര്‍മ
രോഹിത് ശര്‍മയുടെ ഡോമിനേഷന്‍ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആ കണക്കുകളിങ്ങനെ,
ഐ.പി.എല്‍ ചരിത്രത്തില്‍ 20 തവണയോ അതിലധികമോ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് – മൂന്ന് താരങ്ങള്‍
ഐ.പി.എല്ലില്‍ 7000+ റണ്‍സ് നേടിയത് – 2 താരങ്ങള്‍
ഐ.പി.എല്ലില്‍ 6000+ റണ്‍സ് നേടിയത് – 3 താരങ്ങള്‍
250 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയവര്‍ – 5 പേര്‍
500 ഫോറുകള്‍ നേടിയവര്‍ – 6 താരങ്ങള്‍
100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന ഫീല്‍ഡര്‍മാര്‍ – 5 പേര്‍
ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട ക്യാപ്റ്റന്‍മാര്‍ – 9 പേര്‍
നൂറ് വിജയങ്ങള്‍ സ്വന്തമാക്കിയത് – 12 താരങ്ങള്‍
ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയവര്‍ – 17 പേര്‍
എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയവര്‍ – 18 പേര്‍
ഐ.പി.എല്ലില്‍ ഹാട്രിക് നേടിയവര്‍ – 20 ബൗളര്‍മാര്‍
ഐ.പി.എല്‍ ചരിത്രത്തില്‍ ഫോര്‍ഫര്‍ നേട്ടം സ്വന്തമാക്കിയ സ്പിന്നര്‍മാര്‍ – 40 പേര്‍
ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയവര്‍ – 58 പേര്‍
ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് – ഒരേയൊരു താരം – രോഹിത് ശര്‍മ
താന്‍ ആദ്യമായി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട 2009ലാണ് രോഹിത് ഹാട്രിക് അടക്കമുള്ള നേട്ടങ്ങള്‍ തന്റെ പേരിന് നേരെ കുറിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം കളിക്കവെ, താന്‍ ഭാവിയില്‍ കിരീടത്തിലേക്ക് കൈപിടിച്ചുനടത്തിയ മുംബൈയ്‌ക്കെതിരെയായിരുന്നു രോഹത്തിന്റെ നേട്ടം.
അന്ന് ബാറ്റെടുത്ത് 38 റണ്‍സ് നേടിയ രോഹിത് ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റും സ്വന്തമാക്കി കളിയിലെ താരമായി.
ഡെക്കാന്‍ ഉയര്‍ത്തിയ 146 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 126 റണ്‍സ്. ആകെ വീണ എട്ടില്‍ നാല് വിക്കറ്റും രോഹിത്തിന്റെ പേരിലായിരുന്നു.
16ാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് നായരെയും അവസാന പന്തില്‍ ഹര്‍ഭജനെയും പുറത്താക്കിയ രോഹിത്, തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ജെ.പി. ഡുമ്‌നിയെയും പുറത്താക്കി ഹാട്രിക് പൂര്‍ത്തിയാക്കി. അതേ ഓവറില്‍ സൗരഭ് തിവാരിയുടെ വിക്കറ്റും രോഹിത് നേടി.
ഇപ്പോള്‍ 38 വയസിന്റെ ചെറുപ്പത്തിലും രോഹിത് തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കളത്തില്‍ തുടരുന്നത്. ഈ സീസണില്‍ മുംബൈയ്ക്കായി രോഹിത് മാജിക് പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Rohit Sharma’s legendary records in IPL