| Friday, 27th June 2025, 12:18 pm

ആദ്യം എനിക്കത് വിശ്വസിക്കാനായില്ല; കരിയറിലെ പ്രധാന നിമിഷത്തെ കുറിച്ച് മനസുതുറന്ന് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകർ ഇനിയും മറക്കാത്ത ഒന്നാണ് കഴിഞ്ഞ വർഷം ജൂണിൽ ടി – 20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടമുയർത്തിയത്. 17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിലെ ലോക ജേതാക്കളായത്. കെന്‍സിങ്ടണ്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

ഈ കിരീടം സ്വന്തമാക്കിയതിന് കുറിച്ച് രോഹിത് ശർമ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ടി – 20 ലോകകപ്പ് ഉയർത്തിയത് തനിക്ക് ആദ്യം വിശ്വസിക്കാനായിരുന്നില്ലെന്നും അതാണ് തന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും മികച്ച നിമിഷമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് പല തവണ കിരീടം നഷ്ടമായതിനാലാണ് ഈ കിരീടം ടീമിലെ എല്ലാവർക്കും വളരെ പ്രധാനപ്പെട്ടതാക്കിയതെന്നും സ്പെഷ്യലാക്കിയതെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൽ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രോഹിത് ശർമ.

‘ആ നേരം ഞങ്ങളത് നേടിയെന്ന് എനിക്ക് വിശ്വസിക്കാനായില്ല. കിരീടം നേടിയത് അത്തരമൊരു ഫീലിങ്ങാണ് നൽകിയത്. ഹോട്ടലിലെത്തി ട്രോഫി കയ്യിലെടുത്തിയപ്പോഴാണ് എനിക്കത് വിശ്വസിക്കാനായത്. ബാർബഡോസിൽ ആ ട്രോഫി ഉയർത്തിയതാണ് എന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും മികച്ച നിമിഷം. അതെന്നും എന്റെ സിരകളിൽ ഉണ്ടാവും.

ഈ ട്രോഫി ടീമിലെ ഓരോരുത്തർക്കും വളരെ പ്രധാനപ്പെട്ടതായിരുന്നു. മുമ്പ് ഞങ്ങൾക്ക് പല തവണ കിരീടം നഷ്ടമാവുകയും നിരാശരാകേണ്ടിയും വന്നിട്ടുണ്ട്. അതിനാലാണ് ഈ ട്രോഫി ഞങ്ങൾക്ക് ഇത്രയേറെ സ്പെഷ്യലായത്,’ രോഹിത് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏറെ പ്രതീക്ഷയോടെയായിരുന്നു ഇറങ്ങിയത്. എന്നാൽ, ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്കോർബോർഡിൽ 30 റൺസ് പിന്നിട്ടപ്പോഴേക്കും മെൻ ഇൻ ബ്ലൂവിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. സമ്മർദത്തിലായ ടീമിനെ വിരാട് കോഹ്‌ലിയും അക്‌സർ പട്ടേലും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മികച്ച സ്കോറിലെത്തിച്ചിരുന്നത്.

സൗത്ത് ആഫ്രിക്കയുടെ മറുപടി ബാറ്റിങ്ങിൽ ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഇന്ത്യയ്ക്ക് തുണയാവുകയായിരുന്നു. ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടിയിരുന്നു.

Content Highlight: Rohit Sharma reveals that winning 2024 T20I world cup is the best moment in his career

We use cookies to give you the best possible experience. Learn more