| Thursday, 26th June 2025, 8:35 am

ഞാൻ പരിഭ്രാന്തനും അസ്വസ്ഥനുമായിരുന്നു; ടി - 20 ലോകകപ്പിലെ തന്റെ മാനസികാവസ്ഥയെ കുറിച്ച് മനസുതുറന്ന് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകർ ഇനിയും മറക്കാത്ത ഒന്നാണ് കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ ടി – 20 ലോകകപ്പിൽ രണ്ടാമതും മുത്തമിട്ടത്. രോഹിത് ശർമയുടെ കീഴിൽ 17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കുട്ടിക്രിക്കറ്റിലെ ലോക ജേതാക്കളായത്. ബാർബഡോസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു.

എന്നാൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ മത്സരത്തിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്കോർബോർഡിൽ 30 റൺസ് പിന്നിട്ടപ്പോഴേക്കും മെൻ ഇൻ ബ്ലൂവിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. സമ്മർദത്തിലായ ടീമിനെ വിരാട് കോഹ്‌ലിയും അക്‌സർ പട്ടേലും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മികച്ച സ്കോറിലെത്തിച്ചിരുന്നത്.

ഇപ്പോൾ ആ സന്ദർഭത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ. സൗത്ത് ആഫ്രിക്കയ്ക്ക് കളിയിൽ മുൻ‌തൂക്കം നൽകിയെന്ന് ഓർത്ത് താൻ പരിഭ്രാന്തനും അസ്വസ്ഥനുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അക്സറിന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയതെന്നും അവസാനം വരെ ബാറ്റ് ചെയ്യാൻ ഒരാളെ ആവശ്യമായ ഘട്ടത്തിൽ വിരാടത് ഭംഗിയായി ചെയ്തുവെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു രോഹിത് ശർമ.

‘സൗത്ത് ആഫ്രിക്കയ്ക്ക് കളിയിൽ മുൻ‌തൂക്കം നൽകിയെന്ന് ഓർത്ത് ഞാൻ പരിഭ്രാന്തനും അസ്വസ്ഥനുമായിരുന്നു. ടൂർണമെന്റിൽ അധികം സംഭാവനകൾ നൽകിയിട്ടില്ലെങ്കിലും ലോവർ ഓർഡർ ആവശ്യ ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു.

മത്സരത്തിലെ അക്സറിന്റെ പ്രകടനത്തെ കുറിച്ച് അധികമാരും പ്രശംസിച്ചിട്ടില്ല. 31 പന്തിൽ നിന്ന് 47 റൺസ് നേടിയ അവന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയത്. അതുപോലെ ഇന്നിങ്‌സിലുടനീളം ബാറ്റ് ചെയ്യാൻ ഒരാളെ ഞങ്ങൾക്ക് ആവശ്യമായിരുന്നു. അത് വിരാട് ഭംഗിയായി ചെയ്തു,’ രോഹിത് പറഞ്ഞു.

മത്സരത്തിൽ 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തിരുന്നു. ഒടുവിൽ ഹർദിക് പാണ്ഡ്യയുടെയും ജസ്പ്രീത് ബുംറയുടെ മികച്ച ബൗളിങ് മികവിൽ ഇന്ത്യ ഏഴ് റൺസിന് വിജയിക്കുകയായിരുന്നു.

Content Highlight: Rohit Sharma reveals his mindset during T20I world cup final 2024 and talks about Virat Kohli and Axar Patel

We use cookies to give you the best possible experience. Learn more