| Tuesday, 29th September 2026, 8:02 pm

ഒറ്റ മത്സരത്തില്‍ പതിനായിരവും പന്ത്രണ്ടായിരവും; രോഹിത് ഹിറ്റ്മാനായാല്‍ കാണാം ഇരട്ട റെക്കോഡ്

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (സെപ്റ്റംബര്‍ 30) ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ വിജയം തുടരാന്‍ കൂടിയാണ് അസമിലേക്കിറങ്ങുന്നത്.

മത്സരത്തില്‍ മുന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്ക് തന്റെ കരിയറിലെ രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ മറികടക്കാന്‍ അവസരമുണ്ട്. തന്റെ സ്വാഭാവിക അറ്റാക്കിങ് ശൈലിയില്‍ ബാറ്റ് വീശിയാല്‍ രണ്ട് റെക്കോഡുകളും ഒന്നിച്ച് സ്വന്തമാക്കാനും സാധിക്കും.

രോഹിത് ശര്‍മ. Photo: BCCI/x.com

ഏകദിന ഫോര്‍മാറ്റില്‍ 12,000 റണ്‍സെന്ന നേട്ടമാണ് ഇതില്‍ ആദ്യം. ഇതിന് വേണ്ടതാകട്ടെ വെറും 73 റണ്‍സും.

ഏകദിനത്തില്‍ കളത്തിലിറങ്ങിയ 281 ഇന്നിങ്‌സില്‍ നിന്നും മൂന്ന് ഇരട്ട സെഞ്ച്വറികളടക്കം 48.88 ശരാശരിയില്‍ രോഹിത് അടിച്ചെടുത്തത് 11,927 റണ്‍സ്.

ഡബിള്‍ സെഞ്ച്വറികളടക്കം ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത് 34 തവണ. 62 അര്‍ധ സെഞ്ച്വറികളും 50 ഓവര്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ പേരിലുണ്ട്.

ഓപ്പണറുടെ റോളില്‍ 10,000 റണ്‍സെന്ന നേട്ടമാണ് അടുത്തത്. 103 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ രോഹിത്തിന് വേണ്ടത്.

രോഹിത് ശര്‍മ. Photo: BCCI/x.com

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഓപ്പണറായി തന്റെ 200ാം ഏകദിനത്തിനാണ് രോഹിത് കളത്തിലിറങ്ങിയത്. മത്സരത്തില്‍ 35 പന്തില്‍ 32 റണ്‍സ് നേടിയ രോഹിത്, ആദ്യ 200 ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഓപ്പണര്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ആദ്യ 200 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍

(താരം ടീം റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 9,897

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 9,217

സൗരവ് ഗാംഗുലി – ഇന്ത്യ – 7,870

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 7,696

സയീദ് അന്‍വര്‍ – പാകിസ്ഥാന്‍ – 7,564

ഡെസ്മണ്ട് ഹെയ്ന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 7,454

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 7,147

രോഹിത് ശര്‍മ. Photo: BCCI/x.com

അതേസമയം, മൂന്ന് മത്സരങ്ങളുടെ സീരീസിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് നേരിട്ട് പരമ്പര സ്വന്തമാക്കാനാണ് ഗുവാഹത്തിയില്‍ ഇന്ത്യയിറങ്ങുന്നത്. ഗ്രീന്‍ഫില്‍ഡില്‍ പരാജയം രുചിച്ച വിന്‍ഡീസിന് പരമ്പര കൈവിടാതെ സൂക്ഷിക്കാന്‍ വിജയം അനിവാര്യമാണ്.

Content Highlight: Rohit Sharma poised to complete 12,000 runs in ODIs.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more