| Saturday, 17th January 2026, 8:22 pm

സിക്‌സര്‍ വേട്ടയ്ക്കായി ഹിറ്റ്മാനെത്തുന്നു; ഇത്തവണയും അഫ്രീദിയുടെ റെക്കോഡ് സെയ്ഫല്ല!

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. നാളെ (ജനുവരി 18) ഇന്‍ഡോറിലാണ് ഈ മത്സരം അരങ്ങേറുക. നിലവില്‍ ഇന്ത്യയും കിവികളും പരമ്പരയില്‍ 1 – 1 എന്ന നിലയിലാണ്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ബ്ലാക്ക് ക്യാപ്‌സ് സ്വന്തമാക്കി. അതിനാല്‍ തന്നെ നാളെ പരമ്പരയുടെ ഗതി നിര്‍ണയിക്കുന്ന മത്സരത്തിനാണ് ആരാധകര്‍ ഇന്‍ഡോര്‍ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ സാക്ഷിയാവുക. വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നുള്ളതിനാല്‍ തന്നെ തോല്‍വി എന്ന വാക്ക് പോലും ഇരു ടീമുകളുടെയും ഡിക്ഷണറിയിലുണ്ടാവില്ല.

രോഹിത് ശര്‍മ. Photo: Johns/x.com

സീരീസ് ഡിസൈഡറിനായി ഇന്‍ഡോറില്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് താരത്തിന് മുന്നിലുള്ളത്.

ഈ നേട്ടത്തില്‍ എത്താന്‍ രോഹിത്തിന് വെറും രണ്ട് സിക്‌സിന്റെ ദൂരം മാത്രമാണ്. നീലവില്‍ 50 ഓവര്‍ ക്രിക്കറ്റില്‍ കിവീസിനെതിരെ വലം കൈയ്യന്‍ ബാറ്റര്‍ക്ക് 49 സിക്‌സുകളാണുള്ളത്. അടുത്ത മത്സരത്തില്‍ രണ്ട് തവണ പന്ത് ഗാലറിയില്‍ എത്തിച്ചാല്‍ 38കാരന് പാക് താരം ഷാഹിദ് അഫ്രീദിയെ മറ്റൊരു നേട്ടത്തില്‍ കൂടി മറികടക്കാന്‍ സാധിക്കും.

നിലവില്‍ അഫ്രീദിയാണ് ഈ നേട്ടം കൈവശപ്പെടുത്തിയിരിക്കുന്നത്. താരത്തിന് കിവികള്‍ക്ക് എതിരെ ഏകദിനത്തില്‍ 50 സിക്‌സുകളാണുളളത്.

രോഹിത് ശര്‍മ. Photo: BCCI/x.com

ഇന്‍ഡോറിലെ മത്സരത്തില്‍ രണ്ട് തവണ സിക്‌സടിച്ചാല്‍ അഫ്രീദിയെ ഒരിക്കല്‍ കൂടി പിന്തള്ളി രോഹിത്തിന് സിക്‌സര്‍ വേട്ടയില്‍ തലപ്പത്തെത്താം. നേരത്തെ, സൗത്ത് ആഫ്രിക്കക്കയ്ക്ക് എതിരെയുള്ള പരമ്പരയില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന പട്ടം ഹിറ്റ്മാന്‍ സ്വന്തമാക്കിയിരുന്നു. അന്നും ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നത് അഫ്രീദിക്ക് തന്നെയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സിക്സ് നേടുന്ന താരം

(താരം – ടീം – ഇന്നിങ്സ് – സിക്സ് എന്നീ ക്രമത്തില്‍)

ഷാഹിദ് അഫ്രീദി – പാക്കിസ്ഥാന്‍ – 35 – 50

രോഹിത് ശര്‍മ – ഇന്ത്യ – 31 – 49

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 28 – 45

സനത് ജയസൂര്യ – ശ്രീലങ്ക – 45 – 41

ജോസ് ബട്ലര്‍ – ഇംഗ്ലണ്ട് – 25 – 29

Content Highlight: Rohit Sharma needs two six to surpass Shahid Afridi in most sixes against New Zealand in ODI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more