| Monday, 21st September 2026, 12:48 pm

കേരളത്തിൽ സച്ചിനെ വീഴ്ത്താൻ ഹിറ്റ്മാൻ; ചരിത്രനേട്ടം വിരൽതുമ്പിൽ....

അഞ്ജലി പി.കെ.

വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് സെപ്റ്റംബർ 27ന് തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടുമ്പോൾ ആരാധകരുടെ എല്ലാ കണ്ണുകളും ഹിറ്റ്മാൻ രോഹിത് ശർമയിയിലേക്കായിരിക്കും.

ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മുൻ ഇന്ത്യൻ നായകനെ കാത്തിരിക്കുന്നത് ഒരു പുത്തൻ നാഴികക്കല്ലാണ്. വിജയിച്ച മത്സരങ്ങളിൽ ഓപ്പണറെന്ന നിലയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോഡിലേക്കാണ് രോഹിത് നടന്നുകയറാൻ ഒരുങ്ങുന്നത്.

ഈ ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഹിറ്റ്മാന് വേണ്ടത് ഇനി 38 റൺസ് മാത്രമാണ്. 38 റൺസ് നേടിയാൽ രോഹിത് മറികടക്കാൻ പോവുന്നത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോഡാണ്. 9414 റൺസാണ് ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ ഓപ്പണറായി സച്ചിൻ സ്വന്തമാക്കിയത്. രോഹിത് ശർമയുടെ അക്കൗണ്ടിലുള്ളത് 9376 റൺസുമാണ്.

ഇന്ത്യൻ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ ബാറ്റർമാരിലൊരാളായ രോഹിത് ശർമ, 288 മത്സരങ്ങളിൽ നിന്ന് 11,895 റൺസ് നേടിയിട്ടുണ്ട്. 48.95 ബാറ്റിങ് ശരാശരിയിലും, 93.05 സ്ട്രൈക്ക് റേറ്റുമാണ് രോഹിത് ബാറ്റ് വീശുന്നത്. 34 സെഞ്ച്വറികളും 62 അർധ സെഞ്ച്വറികളും സ്വന്തമാക്കിയ രോഹിത്തിന്റെ ഏകദിനത്തിലെ ഉയർന്ന സ്കോർ 264 റൺസാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യം മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. കേരളത്തിൽ വെച്ച് നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരയിൽ തന്നെ രോഹിത് റെക്കോഡ് തൂക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ ലോകം.

പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബർ 30 ന് ഗുവാഹത്തിയിലെ ബർസാപാര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ന്യൂ ചണ്ഡിഗഢ് മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഔഖിബ് നബി, യശസ്വി ജയ്സ്വാൾ, നമൻ ധീർ.

Content Highlight: Rohit Sharma needs 38 runs to break Sachin Tendulker record in ODI

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more