| Wednesday, 26th November 2025, 10:44 pm

വേട്ടക്കായി രോഹിത്തെത്തുന്നു; നോട്ടമിടുന്നത് പാക് താരത്തിന്റെ സിംഹാസനം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയാണ് ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. നവംബര്‍ 30 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കമാവുക. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. റാഞ്ചിയാണ് ആദ്യ മത്സരത്തിന്റെ വേദി.

സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളത്തില്‍ ഇറങ്ങുമെന്നതിനാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ മത്സരത്തിന് കാത്തിരിക്കുന്നത്. ഇവര്‍ എത്തുന്നുന്നതോടെ ടെസ്റ്റില്‍ ഏറ്റ നാണക്കേടിന് പ്രോട്ടിയാസിനോട് പകരം വീട്ടാന്‍ ഇന്ത്യന്‍ സംഘത്തിനാവും എന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

രോഹിത് ശർമ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കടപ്പാട്: ബി.സി.സി.ഐ/എക്സ്

ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ മുന്‍ നായകന്‍ രോഹിത്തിന് മുന്നില്‍ ഒരു സൂപ്പര്‍ നേട്ടത്തില്‍ എത്താന്‍ അവസരമുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന നേട്ടമാണത്. ഇതിനായി രോഹിത്തിന് വേണ്ടത് വെറും മൂന്ന് സിക്‌സുകള്‍ മാത്രമാണ്.

നിലവില്‍ രോഹിത്തിന് 50 ഓവര്‍ ക്രിക്കറ്റില്‍ 349 സിക്‌സുണ്ട്. 276 മത്സരങ്ങളിലെ 268 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും സിക്‌സ് നേടിയത്. ഈ ലിസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ രണ്ടാം സ്ഥാനത്താണ്.

മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി

പാക് താരം ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്. താരത്തിന് 351 സിക്സാണ് ഏകദിനത്തിനുള്ളത്. പ്രോട്ടിയാസിനെതിരെ മൂന്ന് സിക്‌സ് നേടിയാല്‍ രോഹിത്തിന് അഫ്രീദിയെ മറികടന്ന് ഈ നേട്ടത്തില്‍ തലപ്പത്തെത്താം.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങള്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍ – 369 – 351

രോഹിത് ശര്‍മ – ഇന്ത്യ – 268 – 349

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 294 – 331

സനത് ജയസൂര്യ – ശ്രീലങ്ക – 433 – 370

അതേസമയം പ്രോട്ടിയാസിനെതിരെ കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ് ശുഭ്മന്‍ ഗില്‍ പുറത്തായതോടെയാണ് ടീമിന് പുതിയ ക്യാപ്റ്റനെത്തിയത്. ഒപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യരും ഈ പരമ്പരയില്‍ കളിക്കുന്നില്ല.

കെ.എൽ രാഹുൽ

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Rohit Sharma needs 3 sixes for surpassing Shahid Afridi top the list of players with most sixes in ODI cricket

We use cookies to give you the best possible experience. Learn more