ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം നാളെ (ഒക്ടോബര്‍ 23ന്) അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക.
ആദ്യ മത്സരത്തില്‍ നിറം മങ്ങിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഓസീസിനെതിരെ ഇരുവരും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
കങ്കാരുപ്പടയ്‌ക്കെതിരെ ഇരുവരും മത്സരിച്ച് സ്‌കോര്‍ ചെയ്യുമെന്നത് ഉറപ്പാണ്. അതിന് ഒരു കാരണവുമുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് വിരാട് കോഹ്‌ലി. ഈ നേട്ടത്തില്‍ മൂന്നാമനാണ് രോഹിത്.
എന്നാല്‍ വരും മത്സരത്തില്‍ 37 റണ്‍സ് കൂടി നേടിയാല്‍ ഈ നേട്ടത്തില്‍ രോഹിത്തിന് വിരാടിനെ മറികടക്കാനുള്ള അവസരവും വന്നുചേരും. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 3077 റണ്‍സാണ് താരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള വിരാട് 2451 റണ്‍സാണ് ഓസീസിനെതിരെ ഏകദിനത്തില്‍ നേടിയത്.
ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, മത്സരം, റണ്‍സ്
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 71 – 3077
വിരാട് കോഹ്‌ലി (ഇന്ത്യ) – 51 – 2451
രോഹിത് ശര്‍മ (ഇന്ത്യ) – 47 – 2415
ഡെസ്മണ്ട് ഹെയ്ന്‍സ് (വെസ്റ്റ് ഇന്‍ഡീസ്) – 64 – 2262
ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തില്‍ 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു രോഹിത്. കഴിഞ്ഞ മത്സരത്തില്‍ 500 അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു.
വാനോളം പ്രതീക്ഷ നല്‍കിയ വിരാട് കോഹ്ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: Rohit Sharma Need 37 Runs To surpass Virat Kohli