| Sunday, 8th November 2026, 5:04 pm

ഏകദിനത്തിലെ ആദ്യ '400' അടിക്കാൻ രോഹിത്; ലോക റെക്കോഡ് കയ്യകലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം നവംബർ പത്തിനാണ് നടക്കുന്നത്. ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ കീഴടക്കിയാൽ ശുഭ്മൻ ഗില്ലിനും സംഘത്തിനും പരമ്പര സ്വന്തമാക്കാനാവും.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. മറുഭാഗത്ത് സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ ന്യൂസിലാൻഡിനും വിജയം അനിവാര്യമാണ്.

ഈ മത്സരത്തിൽ മുൻ നായകൻ രോഹിത് ശർമയുടെ വമ്പൻ തിരിച്ചുവരവിനാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ രോഹിത് വരാനിരിക്കുന്ന മത്സരങ്ങളിൽ തകർത്തടിച്ചാൽ പിറക്കുക പുതിയ ചരിത്രമായിരിക്കും.

17 സിക്സുകൾ കൂടി രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നാൽ ഏകദിന ചരിത്രത്തിൽ ആദ്യമായി 400 സിക്സുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടം മുൻ നായകനെ തേടിയെത്തും. ഇതുവരെ 383 സിക്സുകളാണ് ഏകദിനത്തിൽ രോഹിത് നേടിയിട്ടുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്നും രോഹിത് ഈ നേട്ടം കൈപ്പിടിലാക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം, ടീം, സിക്സുകളുടെ എണ്ണം

രോഹിത് ശർമ – ഇന്ത്യ -383

ഷാഹിദ് അഫ്രീദി – പാകിസ്ഥാൻ – 351

ക്രിസ് ഗെയ്ൽ – വെസ്റ്റ് ഇൻഡീസ് – 331

സനത് ജയസൂര്യ – ശ്രീലങ്ക – 270

എം.എസ് ധോണി – ഇന്ത്യ – 229

ഇയോൺ മോർഗൻ – ഇംഗ്ലണ്ട് – 220

എ.ബി ഡിവില്ലിയേഴ്സ് – സൗത്ത് ആഫ്രിക്ക – 204

ബ്രെണ്ടൻ മക്കല്ലം – ന്യൂസിലാൻഡ് – 200

സച്ചിൻ ടെൻഡുൽക്കർ – ഇന്ത്യ – 195

ജോസ് ബട്ലർ – ഇംഗ്ലണ്ട് – 193

അതേസമയം വെല്ലിങ്‌ടണിൽ നടന്ന രണ്ടാം മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.

മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 41 ഓവറിൽ 134 ന് ഓൾ ഔട്ട് ആയി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 113 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ നിൽക്കെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. ഒടുവിൽ ഡക്ക് വർത്ത് ലൂയിസ് കണക്കുകൾ പ്രകാരം വിജയലക്ഷ്യം 26 ഓവറിൽ 110 റൺസാക്കി ചുരുക്കിയതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.

Content Highlight: Rohit Sharma need 17 sixes to create a new record in ODI

Latest Stories

We use cookies to give you the best possible experience. Learn more