ഐ.പി.എല്ലില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങുകയാണ്. മൂന്ന് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളി. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം അരങ്ങേറുന്നത്.
കൊല്‍ക്കത്തയ്‌ക്കെതിരെ വമ്പന്‍ ട്രാക്ക് റെക്കോഡ് കയ്യിലാക്കിയാണ് മുംബൈയുടെ സൂപ്പര്‍ താരം രോഹിത് ശര്‍മ ഇറങ്ങുന്നത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 35 മത്സരങ്ങളില്‍ നിന്ന് 1083 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 38.67 എന്ന ശരാശരിയിലും. 127.86 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റ് വീശിയത്.
എന്നാല്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ തന്റെ ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകിയാല്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവും രോഹിത്തിനുണ്ട്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാനുള്ള അവസരമാണ് ഹിറ്റ്മാനുള്ളത്. ഇതിനായി രോഹിത്തിന് വെറും 11 റണ്‍സ് മാത്രമാണ് നേടേണ്ടത്.
കൊല്‍ക്കത്തയ്‌ക്കെതിരെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമന്‍ ഡേവിഡ് വാര്‍ണറാണ്. നിലവില്‍ 1093 റണ്‍സാണ് ഓസീസ് താരം കൊല്‍ക്കത്തയ്‌ക്കെതിരെ സ്വന്തമാക്കിയത്. രണ്ടാമതാണ് രോഹിത്. ഈ നേട്ടത്തില്‍ മൂന്നാമന്‍ വിരാട് കോഹ്‌ലിയാണ്.
ഡേവിഡ് വാര്‍ണര്‍ – 1093
രോഹിത് ശര്‍മ – 1083
വിരാട് കോഹ്‌ലി – 1021
ശിഖര്‍ ധവാന്‍ – 907
അതേസമയം കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു കൈക്കലാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു ബെംഗളൂരു.
Content Highlight: Rohit Sharma Need 11 Runs To Surpass David Warner In IPL