| Thursday, 26th March 2026, 6:45 pm

ലോകം ജയിച്ച രണ്ട് ക്യാപ്റ്റന്റെയും തോറ്റ ഒരു ക്യാപ്റ്റന്റെയും ക്യാപ്റ്റന്‍; നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചുപിടിക്കാന്‍ പാണ്ഡ്യ

ആദർശ് എം.കെ.

ഇന്ത്യന്‍ കായിക ലോകം ഐ.പി.എല്‍ എന്ന മൂന്നക്ഷരത്തിലേക്ക് ചുരുങ്ങാന്‍ ഇനി 2 ദിവസത്തിന്റെ കാത്തിരിപ്പ്. ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കുന്ന തലത്തിലേക്ക് വളര്‍ന്ന ഇന്ത്യയുടെ സ്വന്തം ടി-20 ഫ്രാഞ്ചൈസി ലീഗ് ഇപ്പോള്‍ അതിന്റെ 19ാം അധ്യായത്തിലെത്തി നില്‍ക്കുകയാണ്.

മാര്‍ച്ച് 28ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. ഇവര്‍ക്ക് പുറമെ എട്ട് ടീമുകള്‍ കൂടി കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങും.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സ് ആറാം കിരീടം മോഹിച്ചാണ് ഇറങ്ങുന്നത്. ഹര്‍ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റന് കീഴില്‍ കിരീടം തന്നെയാണ് പള്‍ട്ടാന്‍സ് ലക്ഷ്യമിടുന്നത്.

റിയാന്‍ റിക്കല്‍ടണ്‍, വില്‍ ജാക്സ്, കോര്‍ബിന്‍ ബോഷ്, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരടക്കമുള്ള വിദേശ താരങ്ങള്‍ക്കൊപ്പം തിലക് വര്‍മയും ജസ്പ്രീത് ബുംറയുമടക്കം ടി-20 ലോകകപ്പിലെ നിരവധി മാച്ച് വിന്നേഴ്സ് ടീമിനൊപ്പമുണ്ട്. ഇവരുടെ കരുത്തില്‍ മുംബൈ കിരീടത്തില്‍ മുത്തമിടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

2026 ടി-20 ലോകകപ്പ് ഫൈനലിലെ രണ്ട് ക്യാപ്റ്റന്‍മാരും ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ തങ്ങളുടെ മൂന്നാം കിരീടത്തിലേക്ക് കൈപിടിച്ചുനടത്തിയ നായകന്‍ സൂര്യകുമാര്‍ യാദവും ഫൈനലില്‍ കണ്ണുനീരയണിയേണ്ടി വന്ന മിച്ചല്‍ സാന്റ്നറുമാണ് ഈ ക്യാപ്റ്റന്‍മാര്‍.

സൂര്യയും സാന്റ്‌നറും ഫൈനലില്‍

ഇതിന് പുറമെ ഇന്ത്യയെ 2024 ടി-20 ലോകകപ്പ്ചൂടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദില്‍ സേ ആര്‍മിയുടെ ഭാഗമാണ്.

2024 ടി-20 ലോകകപ്പുമായി രോഹിത് ശര്‍മ

ഈ മൂന്ന് ക്യാപ്റ്റന്‍മാരുടെയും ക്യാപ്റ്റനാകട്ടെ ഹര്‍ദിക് പാണ്ഡ്യയും.

ഹര്‍ദിക് പാണ്ഡ്യ

2024ല്‍ തന്റെ പഴയ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും, രോഹിത് ശര്‍മയെ മറികടന്ന് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തെങ്കിലും ആരാധകര്‍ക്ക് വേണ്ടത് സമ്മാനിക്കാന്‍ ക്യാപ്റ്റന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല.

ഹര്‍ദിക് ക്യാപ്റ്റനായ ആദ്യ സീസണില്‍ (2024) മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കളിച്ച 14ല്‍ പത്തിലും തോറ്റ് വെറും എട്ട് പോയിന്റ്. സീസണില്‍ അഞ്ച് മത്സരം വിജയിക്കാത്ത ഏക ടീമും മുംബൈ മാത്രമായിരുന്നു.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും പഞ്ചാബ് കിങ്സിനോട് തോറ്റ് ആറാം കിരീടമെന്ന സ്വപ്‌നം, സ്വപ്‌നം മാത്രമാക്കി അവശേഷിപ്പിച്ച് മടങ്ങി.

ഇത്തവണ കിരീടമെന്ന മോഹം മനസിലുറപ്പിച്ച് തന്നെയായിരിക്കും ദൈവത്തിന്റെ പോരാളികള്‍ കളത്തിലിറങ്ങുന്നത്.

മാര്‍ച്ച് 29നാണ് മുംബൈയുടെ ആദ്യ മത്സരം. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റോബിന്‍ മിന്‍സ്, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദിനേഷ് മലേവര്‍, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, രാജ് അംഗദ് ബാവ, അഥര്‍വ അങ്കോലേക്കര്‍, മായങ്ക് റാവത്, കോര്‍ബിന്‍ ബോഷ്, വില്‍ ജാക്സ്, ഷര്‍ദുല്‍ താക്കൂര്‍, ട്രെന്റ് ബോള്‍ട്ട്, മായങ്ക് മാര്‍ക്കണ്ഡേ, ദീപക് ചഹര്‍, അശ്വിനി കുമാര്‍, രഘു ശര്‍മ, മുഹമ്മദ് ഇസാര്‍, അള്ളാ ഘന്‍സഫര്‍, ജസ്പ്രീത് ബുംറ.

Content Highlight: Rohit Sharma, Mitchell Santner and Suryakumar Yadav will play under Hardik Pandya in IPL 2026

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more