| Thursday, 6th June 2024, 8:43 am

ധോണിയെ വെട്ടി ഇങ്ങേര് തൂക്കിയത് ഒരു അടാര്‍ റെക്കോഡ്; കണ്ണ് നിറച്ച് കണ്ടോടാ ഈ ക്യാപ്റ്റനെ!

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ ലോകകപ്പ് ക്യാംപെയ്ന്‍ വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ അയര്‍ലന്‍ഡ് പതറി. ഒടുവില്‍ 16 ഓവറില്‍ 96 റണ്‍സിന് പച്ചക്കിളികളെ രോഹിത്തും സംഘവും മടക്കിക്കെട്ടിയത്.

പേസര്‍മാരായിരുന്നു ഇന്ത്യയുടെ കരുത്ത്. അയര്‍ലന്‍ഡിന്റെ എട്ട് വിക്കറ്റുകളും പിഴുതെറിഞ്ഞത് പേസര്‍മാര്‍ തന്നെയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വിക്കറ്റ് നേടിയപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതവും സിറാജും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വിരാടിനെ ഒരു റണ്‍സിന് നഷ്ടമായപ്പോള്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 37 പന്തില്‍ 52 റണ്‍സ് നേടി രോഹിത് പരിക്ക് മൂലം റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു. ഒപ്പം നിന്ന റിഷബ് പന്ത് രണ്ട് സിക്‌സും മൂന്ന് ഫോറും അടക്കം 26 പന്തില്‍ 36 റണ്‍സ് നേടി വിജയം അനായാസമാക്കി.

2024 ടി-20 ലോകകപ്പിലെ ആദ്യ വിജയം കൊണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരു ഇടിവെട്ട് റെക്കോഡാണ് സ്വന്തമാക്കിയത്. ടി-20 ഇന്റര്‍നാഷണലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് രോഹിത് തൂക്കിയത്.

രോഹിത് ശര്‍മ – 42* വിജയം (55 മത്സരം)

എം.എസ്. ധോണി – 41 വിജയം (72 മത്സരം)

ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

Content Highlight: Rohit Sharma In Record Achievement

Latest Stories

We use cookies to give you the best possible experience. Learn more