| Tuesday, 21st July 2026, 9:25 am

പോണ്ടിങ്ങിനെയും കാലിസിനെയും ഒരുമിച്ച് വെട്ടി; ഹിറ്റ്മാന്റെ പടയോട്ടത്തില്‍ മറ്റൊരു റെക്കോഡും!

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരം പരാജയപ്പെട്ടെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരത്തില്‍ നിറം മങ്ങിയെങ്കിലും സീരീസ് നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറി നേടിയായിരുന്നു ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ലോര്‍ഡ്‌സില്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. മാത്രമല്ല ഇംഗ്ലണ്ടില്‍ രോഹിത് നേടുന്ന എട്ടാമത്തെ ഏകദിന സെഞ്ച്വറിയാണിത്. ഇതിനെല്ലാം പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡാണ് ഹിറ്റ്മാന്‍ രോഹിത് സ്വന്തമാക്കിയിത്.

വ്യത്യസ്തമായ വേദികളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് രോഹിത്. ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടിയതോടെ ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിങ്ങിനെയും ജാക്വസ് കാലിസിനെയും മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 53 വ്യത്യസ്ത വേദികളിലാണ് സച്ചിന്‍ സെഞ്ച്വറി നേടിയത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലി 47 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

വ്യത്യസ്തമായ വേദികളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 53

വിരാട് കോഹ്‌ലി (ഇന്ത്യ) – 47

രോഹിത് ശര്‍മ (ഇന്ത്യ) – 36*

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 35

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 35

രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 33

മത്സരത്തില്‍ രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി 60 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടിയിരുന്നു.

Content Highlight: Rohit Sharma In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more