| Wednesday, 29th October 2025, 2:44 pm

കരിയര്‍ ബെസ്റ്റില്‍ ഗില്ലിനെ പടിയിറക്കി രോഹിത്; ഇന്ത്യയുടെ അഞ്ചാമൻ മാത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ. 781 പോയിന്റുമായാണ് താരം ഒന്നാമതെത്തിയത്. ഇത് ആദ്യമായാണ് താരം ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഈ നേട്ടം കൈവരിക്കുന്നത്.

ഒന്നാം സ്ഥാനം നേടിയതോടെ രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമാവുകയും ചെയ്തു. 38 വയസും 182 ദിവസവും പ്രായമുള്ളപ്പോളാണ് ഈ നേട്ടം കൈവരിച്ചത്.

കൂടാതെ, രോഹിത് ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാവുകയും ചെയ്തു. ഇതിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, വിരാട് കോഹ്ലി, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഈ നാഴികകല്ലില്‍ എത്തിയത്.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രോഹിത് ബാറ്റര്‍മാരുടെ ലിസ്റ്റില്‍ തലപ്പത്തെത്തിയത്. അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍, ഇന്ത്യന്‍ ഏകദിന നായകന്‍ ശുഭ്മന്‍ ഗില്‍ എന്നിവരെ മറികടന്നാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഓസീസിനെതിരെ രോഹിത് രണ്ടാം ഏകദിനത്തില്‍ 97 പന്തില്‍ 73 റണ്‍സും അവസാന മത്സരത്തില്‍ 125 പന്തില്‍ 121 റണ്‍സും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ഓപ്പണര്‍ പരമ്പരയിലെ താരമാവുകയും ചെയ്തിരുന്നു.

പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ രോഹിത്തിനും ഗില്ലിനും പുറമെ, വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ആദ്യ പത്തില്‍ ഇടം പിടിച്ചു. കോഹ്ലി ഒരു സ്ഥാനം താഴോട്ട് ഇറങ്ങി ആറാം സ്ഥാനത്താണുള്ളത്. ശ്രേയസ് ഒമ്പതാം സ്ഥാനത്തുണ്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ഒമ്പതാമെത്തിയത്.

Content Highlight: Rohit Sharma claims no. 1 spot in ICC Men’s ODI batting ranking dethroning Shubhman Gill

We use cookies to give you the best possible experience. Learn more