വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. പരമ്പരയിലെ ആദ്യ മത്സരം നാളെ (സെപ്റ്റംബർ 27ന്) തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന സ്‌ക്വാഡിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഭാഗമാണ്. കരിയറിന്റെ അവസാനത്തോട് അടുക്കുന്ന രോഹിത്തിന്റെയും വിരാടിന്റെയും കേരളത്തിലുള്ള അവസാനത്തെ മത്സരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിക്കറ്റ് ആവേശം വീണ്ടും കേരളത്തിന്റെ മണ്ണിലെത്തിയിരിക്കുമ്പോൾ ആരാധകരും ആവേശത്തിലാണ്. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയോടുള്ള കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ സ്നേഹവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ഇതിന് കാരണമായത് സ്റ്റേഡിയത്തിന് പുറത്ത് ഉയർന്ന രോഹിത്തിന്റെ കൂറ്റൻ കട്ട് ഔട്ടാണ്. ഏകദേശം 50 അടിയോളം ഉയരമുള്ള ഹിറ്റുമാന്റെ കൂറ്റൻ കട്ടൗട്ട് ആണ് ആരാധകർ സ്ഥാപിച്ചത്. കട്ട് ഔട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
2022ൽ കാര്യവട്ടത്ത് നടന്ന മത്സരത്തിലും ആരാധകർ രോഹിത്തിന്റെ കട്ടൗട്ട് സ്റ്റേഡിയത്തിന് പുറത്ത് ഉയർന്നിരുന്നു. നാല് വർഷങ്ങൾക്കിപ്പുറവും ഇതിനേക്കാൾ വലിയ കൂറ്റൻ കട്ടൗട്ട് ഉയർത്തിക്കൊണ്ട് രോഹിത് ശർമയോടുള്ള ആരാധനയിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.
അതേസമയം കാര്യവട്ടത്ത് ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു, 35 ഓവറിലധികം ബാക്കി നിൽക്കെ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചു. രണ്ടാമത്തെ മത്സരം 2023ന്റെ തുടക്കത്തിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു. ശുഭ്മൻ ഗില്ലും വിരാട് കോഹ്‌ലിയും സെഞ്ച്വറി നേടി ഇന്ത്യയെ 317 റൺസിന്റെ വമ്പൻ മാർജിനിൽ വിജയിപ്പിച്ചിരുന്നു.
മറുഭാഗത്ത് എന്ത് വില കൊടുത്തും പരമ്പ സ്വന്തമാക്കാനാണ് വിൻഡീസും ലക്ഷ്യം വെക്കുന്നത്. 24 വർഷങ്ങൾക്ക് മുമ്പാണ് വിൻഡീസ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര വിജയം നേടിയിട്ടുള്ളത്.
24 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടുകയാണ് വെസ്റ്റ് ഇൻഡീസിന്റെ ലക്ഷ്യം. 2002 നവംബറിലാണ് വെസ്റ്റ് ഇൻഡീസ് അവസാനമായി ഇന്ത്യയിൽ ഏകദിന പരമ്പര നേടിയത്.
വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ്
ഷായ് ഹോപ്പ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ജുവൽ ആൻഡ്രൂ, ജോൺ ക്യാംപ്ബെൽ, കീസി കാർട്ടി, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ജസ്റ്റിൻ ഗ്രീവ്സ്, അമീർ ജാംഗൂ (വിക്കറ്റ് കീപ്പർ), അൽസാരി ജോസഫ്, ഷമർ ജോസഫ്, വിടെൽ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോൾ, ഷെർഫെയ്ൻ റതർഫോർഡ്, ജെയ്ഡൻ സീൽസ്
ഇന്ത്യൻ സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാൾ, നമൻ ധീർ.
Content Highlight: Rohit Sharma huge cut out in Thiruvananthapuram greenfield stadium