താന്‍ നേരിടുന്ന എല്ലാ ബൗളര്‍മാര്‍ക്കെതിരെയും സിക്‌സ് അടിക്കണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മ. ഏത് ബൗളറാണ് മുന്നിലെന്ന് നോക്കാറില്ലെന്നും റണ്‍സ് നേടുന്നതിലാണ് താന്‍ ശ്രദ്ധ കൊടുക്കാറെന്നും അദ്ദേഹം പറഞ്ഞു. ഓറല്‍ ബിയുടെ ഒരു പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രോഹിത്.
സിക്‌സ് അടിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ബൗളര്‍ ഏതാണെന്ന് അവതാരകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
‘സത്യം പറഞ്ഞാല്‍ എല്ലാവര്‍ക്കുമെതിരെയും സിക്‌സ് അടിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ബാറ്റ് ചെയ്യുമ്പോഴൊക്കെ റണ്‍സ് നേടുന്നതിലാണ് ശ്രദ്ധ കൊടുക്കാറുള്ളത്. ഒരു ബൗളറെയും ഞാന്‍ ടാര്‍ഗറ്റ് ചെയ്യാറില്ല. ബൗളര്‍മാര്‍ക്ക് എപ്പോഴും ബാറ്റര്‍മാരെ പുറത്താക്കണമെന്നായിരിക്കും.
അതുപോലെ ബാറ്റര്‍മാര്‍ ബൗളര്‍മാരുടെ താളം തെറ്റിക്കാന്‍ ആഗ്രഹിക്കും. അതുപോലെയാണ് ഞാനും. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷേ, എനിക്കെതിരെ വരുന്ന ഓരോ ബൗളര്‍മാര്‍ക്ക് എതിരെയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും അവരെ സമ്മര്‍ദത്തിലാക്കാനുമാനാണ് എനിക്ക് താത്പര്യം,’ രോഹിത് ശര്‍മ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി സിക്‌സടിക്കാരുടെ ലിസ്റ്റില്‍ ഒന്നാമതാണ് രോഹിത് ശര്‍മ. താരം 499 മത്സരങ്ങളില്‍ നിന്ന് 635 സിക്‌സുകള്‍ അടിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ രണ്ടാമതുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെക്കാള്‍ 84 പന്തുകളെ താരം ഗാലറിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ഐ.പി.എല്ലില്‍ 302 സിക്സും താരത്തിന്റെ പേരിലുണ്ട്.
അതേസമയം, അന്താരാഷ്ട്ര ടി – 20 ക്രിക്കറ്റില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചതിനാല്‍ രോഹിത് ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയ്ക്ക് ഏകദിന മത്സരമുള്ളത്. അന്ന് മാത്രമേ താരം ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തില്‍ ഇറങ്ങുകയുള്ളൂ.
ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ഏകദിന പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ പരമ്പരയ്ക്ക് ശേഷം രോഹിതും ഒപ്പം സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Rohit Sharma says that he loves to hit sixes to every bowler and focus on scoring runs