| Thursday, 23rd January 2025, 11:50 am

രഞ്ജിയിലും രക്ഷയില്ല, രണ്ടക്കം കടക്കാന്‍ ആവാതെ രോഹിത്തും ജെയ്‌സ്വാളും; മടങ്ങാനുള്ള നേരമായി ക്യാപ്റ്റാ...!

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ മുംബൈയും ജമ്മു കാശ്മീരും മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു രോഹിത് ശര്‍മയുടെ തിരിച്ചുവരവ്. പത്ത് വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ പ്രകടനം.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഓപ്പണിങ് ഇറങ്ങിയ യശസ്വി ജയ്‌സ്വാള്‍ നാല് റണ്‍സിന് പുറത്തായി. പുറകെ തന്നെ രോഹിത് ശര്‍മ 19 പന്തില്‍ നിന്ന് വെറും മൂന്നു റണ്‍സ് മാത്രം നേടിയാണ് കൂടാരം കയറിയത്.

Rohit Sharma And Jaiswal

അടുത്തകാലത്തായി ക്രിക്കറ്റില്‍ മോശം പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം ടെസ്റ്റ് പരമ്പരയിലും നിര്‍ണായകമായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും രോഹിത് അമ്പേ പരാജയപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും നിറംമങ്ങിയ രോഹിത്തിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ബി.സി.സിഐയുടെ റിവ്യൂ മീറ്റിങ്ങില്‍ ഫോം കണ്ടെത്താനായി രഞ്ജി മത്സരങ്ങള്‍ കളിക്കുന്നതിന് വേണ്ടി കര്‍ശന നിര്‍ദേശവും രോഹിത്തിന് ലഭിച്ചു. ഇപ്പോള്‍ രഞ്ജി ട്രോഫിയിലും രോഹിത്തിന് രക്ഷയില്ലാത്ത അവസ്ഥയാണ്.

മോശം പ്രകടനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍സി ഉപേക്ഷിക്കാനും വിരമിക്കാനും രോഹിത് നിര്‍ബന്ധിതനാകും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആരാധകരുടെ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ് ഇപ്പോള്‍.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് ആണ് മുംബൈ നേടിയത്. തകര്‍പ്പന്‍ ബൗളിങ് അറ്റാക്കില്‍ മുംബൈ ബാറ്റര്‍മാരെ തകര്‍ക്കാന്‍ ജമ്മു കാശ്മീരിന് സാധിച്ചു. നിലവില്‍ ടീമിനുവേണ്ടി ഉമര്‍ നസീര്‍ മിര്‍ നാല് വിക്കറ്റും യുദ്ധ്‌വീര്‍ സിങ് രണ്ടു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ആക്കിബ് നബി ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

Content Highlight: Rohit Sharma Flop In Ranji Trophy Match Against Jammu & Kashmir

We use cookies to give you the best possible experience. Learn more