സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തോടെയാണ് ഇന്ത്യ 2025ലെ തങ്ങളുടെ ഏകദിന ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്. പ്രായത്തെ വെല്ലുന്ന പ്രകടനവുമായാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിച്ചത്. ഇനിയും ഒരങ്കത്തിന് തങ്ങള്‍ക്ക് ബാല്യമുണ്ടെന്നും 2027 ലോകകപ്പില്‍ തങ്ങളെയും കാണാന്‍ സാധിക്കുമെന്നും സൂചന നല്‍കുന്നതുമായിരുന്നു ഇരുവരെയും പ്രകടനം.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പ്രകടനം വെറുമൊരു വണ്‍ ടൈം വണ്ടറല്ല എന്ന് തൊട്ടുമുമ്പ് നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇരുവരും വ്യക്തമാക്കിയിരുന്നു. നിലവില്‍ കളിക്കുന്നത് ഒരേയൊരു ഫോര്‍മാറ്റിലാണെങ്കിലും പലര്‍ക്കും മറുപടി നല്‍കാന്‍ അത് തന്നെ ധാരാളമെന്നതായിരുന്നു ഇരുവരുടെയും ആറ്റിറ്റ്യൂഡും പ്രകടനവും.
വിരാടും രോഹിത്തും. Photo: BCCI/X.com
ഇതോടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനും രോഹിത്തിനും വിരാടിനും സാധിച്ചു. (ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക).
ഇതാദ്യമായാണ് രോഹിത് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തോടെ ഒരു കലണ്ടര്‍ ഇയര്‍ അവസാനിപ്പിക്കുന്നത്. ഏകദിനത്തില്‍ മാത്രമല്ല, ഏതൊരു ഫോര്‍മാറ്റിലും ഇതാദ്യമായാണ് രോഹിത് ഒന്നാമനായി ഒരു വര്‍ഷം അവസാനിപ്പിക്കുന്നത്.
രോഹിത് ശര്‍മ
ഇതോടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമനായി കലണ്ടര്‍ ഇയര്‍ അവസാനിപ്പിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാനും രോഹിത്തിന് സാധിച്ചു. നാല് വര്‍ഷം ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്‌ലിയാണ് ഇക്കൂട്ടത്തില്‍ കിരീടം വെക്കാത്ത രാജാവ്. രണ്ട് തവണ വീതം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടാം സ്ഥാനത്തുമുണ്ട്.
(താരം – എത്ര തവണ എന്നീ ക്രമത്തില്‍, ബ്രാക്കറ്റില്‍ നേട്ടത്തിലെത്തിയ വര്‍ഷം)
വിരാട് കോഹ്‌ലി – 4 തവണ (2017, 2018, 2019, 2020)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 2 തവണ (1998, 2003)
എം.എസ് ധോണി – 2 തവണ (2008, 2009)
ജസ്പ്രീത് ബുംറ – 2 തവണ (2018, 2019)
മനീന്ദര്‍ സിങ് – ഒരു തവണ (1987)
രോഹിത് ശര്‍മ – ഒരു തവണ (2025)*
ഇതിനൊപ്പം ഏറ്റവുമധികം തവണ ഒരു കലണ്ടര്‍ ഇയറില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അവസാനിപ്പിക്കുന്ന ബാറ്റിങ് ജോഡികളില്‍ വിരാടിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിന് സാധിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ബ്രയാന്‍ ലാറയ്ക്കും ഒപ്പമാണ് ഇരുവരും രണ്ടാം സ്ഥാനത്തെത്തിയത്. ഇത് നാലാം തവണയാണ് വിരാടും രോഹിത്തും ഏകദിന റാങ്കിങ്ങില്‍ ഒന്നാമതോ രണ്ടാമതോ ആയി ഒരു കലണ്ടര്‍ ഇയര്‍ അവസാനിപ്പിക്കുന്നത്.
വിരാടും രോഹിത്തും മത്സരത്തിനിടെ. Photo: BCCI/X.com
2018, 2019, 2020, 2025 വര്‍ഷങ്ങളിലാണ് ഇരുവരും ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ പങ്കിട്ടത്. 2018, 2019, 2020 വര്‍ഷങ്ങള്‍ അവസാനിക്കുമ്പോള്‍ വിരാട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രോഹിത് ശര്‍മയായിരുന്നു രണ്ടാമത്. ഇത്തവണ രോഹിത് ഒന്നാമതും വിരാട് രണ്ടാമതുമായി ഫിനിഷ് ചെയ്തു.
മികച്ചതാകാന്‍ പരസ്പരം മത്സരിച്ച് അഞ്ച് തവണ റാങ്കിങ്ങില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത എ.ബി. ഡി വില്ലിയേഴ്സും വിരാടുമാണ് ഈ പട്ടികയില്‍ ഒന്നാമത്.
വിരാടും ഡി വില്ലിയേഴ്സും. Photo: Kevin/X.com
(താരങ്ങള്‍ – എത്ര തവണ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ വര്‍ഷങ്ങള്‍)
എ.ബി. ഡി വില്ലിയേഴ്സ് & വിരാട് കോഹ്‌ലി – 5 (2013, 2014, 2015, 2016, 2017)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & ബ്രയാന്‍ ലാറ – 4 (1994, 1995, 1996, 1998)
വിരാട് കോഹ്‌ലി & രോഹിത് ശര്‍മ – 4 (2018, 2019, 2020, 2025)*
ഹാഷിം അംല & എ.ബി ഡി വില്ലിയേഴ്സ് – 3 (2010, 2011, 2012)
സര്‍ വിവ് റിച്ചാര്‍ഡ്സ് & സഹീര്‍ അബ്ബാസ് – 3 (1982, 1983, 1984)
ഡെസ്മണ്ട് ഹെയ്ന്‍സ് & ഡേവിഡ് ജോണ്‍സ് – 3 (1989, 1990, 1991)
Content Highlight: Rohit Sharma ends the calendar year at number one in the ICC rankings