| Sunday, 24th May 2026, 9:23 pm

അവസാന അങ്കത്തിൽ തലതാഴ്ത്തി രോഹിത്; നാണക്കേടിന്റെ റെക്കോഡിൽ ഓസീസ് താരത്തിനൊപ്പം

Sudev A

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെ 30 റണ്‍സിനാണ് രാജസ്ഥാന്‍ വീഴ്ത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയ പ്രകടനമാണ് മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ നടത്തിയത്. നാല് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെയാണ് രോഹിത് മടങ്ങിയത്. ഇതോടെ ഒരു മോശം നേട്ടവും മുന്‍ മുംബൈ നായകനെ തേടിയെത്തി.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന താരമായാണ് രോഹിത് മാറിയത്. ഇത് 19 തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താവുന്നത്. ഈ മോശം റെക്കോഡില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിനൊപ്പമാണ് രോഹിത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരങ്ങള്‍

ഗ്ലെന്‍ മാക്സ്വെല്‍-19

രോഹിത് ശര്‍മ-19

ദിനേശ് കാര്‍ത്തിക്-18

സുനില്‍ നരെയ്ന്‍-18

പിയൂഷ് ചൗള-16

റാഷീദ് ഖാന്‍-16

അതേസമയം മുംബൈക്കായി സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 42 പന്തില്‍ നിന്നും 60 റണ്‍സ് നേടിയാണ് സ്‌കൈ തിളങ്ങിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും ആണ് സൂര്യകുമാര്‍ നേടിയത്. ഹര്‍ദിക് പാണ്ഡ്യ 34 റണ്‍സും വില്‍ ജാക്സ് 33 റണ്‍സും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

രാജസ്ഥാന്‍ ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍ മൂന്ന് വിക്കറ്റും നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പുഞ്ച എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ധ്രുവ് ജുറലാണ്. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറും ടീമിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

മുംബൈ ബൗളിങ്ങില്‍ ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വില്‍ ജാക്‌സ്, അല്ലാഹ് ഗസന്‍ഫര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Rohit sharma create a unwanted record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more