| Saturday, 13th June 2026, 8:51 pm

ആറ് റണ്‍സില്‍ ഐതിഹാസിക നേട്ടം; ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാന്‍

Sudev A

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ പുത്തന്‍ നേട്ടം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 16,000 റണ്‍സ് സ്വന്തമാക്കിയാണ് രോഹിത് പുതിയ നാഴികക്കല്ല് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് റണ്‍സ് നേടിയതോടെയാണ് രോഹിത് ഈ നേട്ടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ 16 റൺസ് നേടിയാണ് താരം മടങ്ങിയത്. രണ്ട് ഫോറുകളും ഒരു സിക്സുമാണ് രോഹിത് നേടിയത്.

ഓപ്പണറായി 16,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. വിരേന്ദര്‍ സേവാഗ് മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓപ്പണര്‍. സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 16,119 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഓപ്പണറായി 16,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരം കൂടിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍. സേവാഗിന് പുറമെ സനത് ജയസൂര്യ (ശ്രീലങ്ക), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ), ഗ്രെയാം സ്മിത്ത് ( സൗത്ത് ആഫ്രിക്ക), ഡെസ്മണ്ട് ഹെയ്ന്‍സ് (വെസ്റ്റ് ഇന്‍ഡീസ്), എന്നിവരാണ് ഈ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടം കുറിച്ചവര്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍മാര്‍
(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സനത് ജയസൂര്യ – 563 – 19298

ക്രിസ് ഗെയ്ല്‍ – 506 – 18867

ഡേവിഡ് വാര്‍ണര്‍ – 462 – 18744

ഗ്രെയാം സ്മിത്ത് – 421 – 16950

ഡെസ്മണ്ട് ഹെയ്ന്‍സ് – 438 – 16120

വിരേന്ദര്‍ സേവാഗ് – 400 – 16119

രോഹിത് ശര്‍മ – 3834 – 16010

അതേസമയം ധര്‍മശാലയില്‍ നടക്കുന്ന മത്സരം മഴമൂലം 25 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 194 റണ്‍സിന് പുറത്തായി.

സെഞ്ച്വറി നേടിയ റഹ്‌മാനുള്ള ഗുര്‍ബസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 51 പന്തില്‍ 102 റണ്‍സ് നേടിയാണ് ഗുര്‍ബാസ് കരുത്തുകാട്ടിയത്. 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ അഫ്ഗാന്‍ താരം എട്ട് വീതം ഫോറുകളും സിക്സുകളുമാണ് അടിച്ചെടുത്തത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹര്‍ഷ് ദുബെയും ഗുര്‍നൂര്‍ ബ്രാറും മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ഷ്ദീപ് സിങ്, നിതീഷ് കുമാര്‍ റെഡ്ഢി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: Rohit Sharma create a new record in ODI

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more