| Thursday, 1st October 2026, 9:01 am

ലോകത്തിലെ ആദ്യ 'ഡബിൾ സെഞ്ച്വറി'; പുതിയ ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കിയിരിക്കുകയാണ്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയമാണ് ശുഭ്മൻ ഗില്ലും സംഘവും സ്വന്തമാക്കിയത്.

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 406 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും കരുത്തിൽ ഇന്ത്യ 39 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 75 പന്തിൽ ആറ് സിക്‌സും 10 ഫോറും ഉൾപ്പെടെ 101 റൺസുമായി രോഹിത് ശർമ പുറത്താകുകയായിരുന്നു.

മത്സരത്തിൽ സെഞ്ച്വറിക്കൊപ്പം നേടിയ ആറ് സിക്സുകൾക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു രാജ്യത്ത് 200 സിക്സറുകൾ നേടുന്ന ആദ്യ താരമായാണ് രോഹിത് മാറിയത്. ക്രിക്കറ്റിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത സിക്സറുകളിലെ ഡബിൾ സെഞ്ച്വറി നേട്ടമാണ് ഹിറ്റ്മാൻ തന്റെ പേരിലാക്കി മാറ്റിയത്.

ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലാണ്. 147 സിക്സുകൾ ആയിരുന്നു ഗെയ്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ നായകനെക്കാൾ ബഹുദൂരം പിന്നിലാണ് ഗെയ്ൽ എന്നതും ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

രോഹിത്തിന്റെ സെഞ്ച്വറിക്ക് പുറമേ കരിയറിലെ രണ്ടാം ഡബിൾ സെഞ്ച്വറിയുമായാണ് തിളങ്ങിയ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 133 പന്തിൽ നിന്നും പുറത്താകാതെ 223 റൺസുമായാണ് ഗിൽ കരുത്തുകാട്ടി. 26 ഫോറും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഗില്ലിന് പുറമെ വിരാട് 19 പന്തിൽ 29 റൺസ് നേടിയപ്പോൾ, ഋതുരാജ് ഗെയ്ക്വാദ് 37 പന്തിൽ 31 റൺസ് നേടിയും പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്, ഓപ്പണർ ജോൺ കാംബെൽ, നായകൻ ഷായ് ഹോപ്പ്, സൂപ്പർ താരം ആമിർ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

കാംബെൽ 68 പന്തിൽ 101 റൺസ് നേടിയപ്പോൾ 77 പന്തിൽ 114 റൺസടിച്ച് ടോപ്പ് സ്‌കോററായാണ് ആമിർ ജാംഗു കളം വിട്ടത്. 94 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും അടക്കം 104 റൺസാണ് നായകൻ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ പ്രസിദ്ധ് കൃഷ്ണ ഒരു വിൻഡീസ് ബാറ്ററെയും മടക്കി.

ഒക്ടോബർ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബർ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് വേദി. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ഉറങ്ങുക. മറുഭാഗത്ത് ആശ്വാസ വിജയമായിരിക്കും കരീബിയൻ പടയുടെ ലക്ഷ്യം.

Content Highlight: Rohit Sharma create a new history in ODI

Latest Stories

We use cookies to give you the best possible experience. Learn more