| Saturday, 20th June 2026, 4:14 pm

ഈ കൈകള്‍ ചോരില്ല സാര്‍...ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

സുദേവ് എ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു.

മത്സരത്തില്‍ അഫ്ഗാന്റെ നാല് വിക്കറ്റുകളും വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇതില്‍ ആദ്യം വീണ മൂന്ന് വിക്കറ്റുകളും ഏറെ ശ്രദ്ധേയമായി.

റഹ്‌മാനുള്ള ഗുര്‍ബാസ് (ഏഴ് പന്തില്‍ അഞ്ച്), ഇബ്രാഹിം സദ്രാന്‍ (18 പന്തില്‍ 11), റഹ്‌മത് ഷാ (15 പന്തില്‍ അഞ്ച്) എന്നിവരാണ് ആദ്യം മടങ്ങിയത്.

പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ മൂവരും മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത രോഹിത് മൂന്ന് ക്യാച്ചുകളും കൈപ്പിടിയിലാക്കുകയായിരുന്നു.

ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മൂന്നിലധികം ക്യാച്ചുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും രോഹിത് മാറി. നാലാം ഇന്നിങ്സിലാണ് രോഹിത് മൂന്നിലധികം ക്യാച്ചുകള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പമാണ് രോഹിത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീനാണ്. അഞ്ച് ഇന്നിങ്സുകളിലാണ് അസ്ഹറുദ്ദീന്‍ മൂന്നിലധികം ക്യാച്ചുകള്‍ നേടിയത്.

അതേസമയം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനാവും ശുഭ്മന്‍ ഗില്ലും സംഘവും ലക്ഷ്യം വെക്കുക. അഫ്ഗാന്‍ ആശ്വാസ വിജയം തേടിയാവും ഇറങ്ങുക.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ദര്‍വീഷ് റസൂലി, റഹ്‌മത്ത് ഷാ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന്‍, അല്ലാഹ് ഗസന്‍ഫര്‍, സിയാവുര്‍ റഹ്‌മാന്‍, ഫരീദ് അഹമ്മദ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്.

Content Highlight: Rohit Sharma create a historical fielding record in ODI

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more