| Saturday, 6th December 2025, 8:21 pm

അടിച്ച് കയറിയത് ഇതിഹാസങ്ങള്‍ വാഴുന്ന ലിസ്റ്റില്‍; രോഹിത്തിന്റെ വെടിക്കെട്ടില്‍ അതും സംഭവിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിനം വിശാഖപ്പട്ടണത്തില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇന്ത്യ പ്രോട്ടിയാസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 270 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ് പ്രോട്ടിയാസ്.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 30 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 93 പന്തില്‍ 84* റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളും 14 പന്തില്‍ 8 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ്.

സൂപ്പര്‍ താരം രോഹിത് ശര്‍മയേയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം കൂടാകത്തിലേക്ക് മടങ്ങിയത്. 73 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന 14ാം താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഇതിഹാസ താരങ്ങള്‍ വാഴുന്ന ലിസ്റ്റിലാണ് രോഹിത് അടിച്ചുകയറിയത്. മാത്രമല്ല ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത്തിന് സാധിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2002)

ബ്രയാന്‍ ലാറ (2005)

ഇന്‍സമാം-ഉള്‍-ഹഖ് (2006)

രാഹുല്‍ ദ്രാവിഡ് (2007)

റിക്കി പോണ്ടിങ് (2007)

സനത് ജയസൂര്യ (2008)

ജാക്ക് കാലിസ് (2009)

മഹേല ജയവര്‍ദ്ധനെ (2011)

കുമാര്‍ സംഗക്കാര (2012)

ശിവനരെയ്ന്‍ ചന്ദര്‍പോള്‍ (2013)

എ.ബി. ഡിവില്ലിയേഴ്‌സ് (2018)

വിരാട് കോഹ്‌ലി (2019)

ജോ റൂട്ട് (2024)

രോഹിത് ശര്‍മ (2025)*

അതേസമയം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ്. 89 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് താരം പുറത്തായത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ 23ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു.

ഡി കോക്കിന് പുറമെ ടീമിന് വേണ്ടി 67 പന്തില്‍ 48 റണ്‍സ് നേടി ക്യാപ്റ്റന്‍ തെംബ ബാവുമ മിന്നും പ്രകടനം കാഴ്ചവെച്ചു. ഡെവാള്‍ഡ് ബ്രെവിസ് 29 റണ്‍സ് നേടിയപ്പോള്‍ കേശവ് മഹാരാജ് 20* റണ്‍സുമായി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ്. ഇരുവരും നാല് വിക്കറ്റാണ് വിഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

Content Highlight: Rohit Sharma Complete 20000 International Runs In Cricket

We use cookies to give you the best possible experience. Learn more