ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിനം സിഡ്‌നിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 46.4 ഓവറില്‍ 236 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവിലാണ് സന്ദര്‍ശകരുടെ ഈ പ്രകടനം.
മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റേയും (2), മിച്ചല്‍ ഓവണിന്റേയും ക്യാച്ചുകള്‍ നേടിയത് രോഹിത് ശര്‍മയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണിലെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി 100 ഏകദിന ക്യാച്ചുകള്‍ നേടാനാണ് രോഹിത്തിന് സാധിച്ചത്.
മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഫീല്‍ഡിങ് ക്യാച്ചുകള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ആറാം സ്ഥാനത്ത് എത്താനും രോഹിത്തിന് സാധിച്ചു. ഈ നേട്ടത്തില്‍ ഏറ്റവും മുന്നിലുള്ളത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 164* ക്യാച്ചുകളാണ് താരം നേടിയത്.
വിരാട് കോഹ്‌ലി – 164*
മുഹമ്മദ് അസറുദ്ദീന്‍ – 156
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 140
രാഹുല്‍ ദ്രാവിഡ് – 126
സുരേഷ് റെയ്‌ന – 102
രോഹിത് ശര്‍മ – 100*
അതേസമയം ഓസ്‌ട്രേലിയ്ക്കായി മത്സരത്തില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. 25 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ സന്ദര്‍ശകര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുത്തിട്ടുണ്ട്. 47 പന്തില്‍ 40 റണ്‍സ് സ്‌കോര്‍ ചെയ്ത് വിരാട് കോഹ്‌ലിയും 78 പന്തില്‍ 64 റണ്‍സ് അടിച്ച രോഹിത്തുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റന്‍ 24 റണ്‍സിനാണ് പുറത്തായത്.
Content Highlight: Rohit Sharma Complete 100 ODI Catches