| Thursday, 1st October 2026, 8:26 pm

രണ്ട് റണ്‍സ് കൂടിയെടുക്കാമായിരുന്നില്ലേ... 12,000 അടിച്ച മത്സരത്തില്‍ 10,000 അടിക്കാന്‍ സാധിക്കാതെ രോഹിത്

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ റണ്‍മല താണ്ടി ശുഭ്മന്‍ ഗില്ലും സംഘവും ചരിത്രം സൃഷ്ടിച്ചിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ ടോട്ടലാണിത്. 2006ലെ സൗത്ത് ആഫ്രിക്കയ്ക്ക് ശേഷം 375+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായും ഇന്ത്യ മാറി.

ഗില്‍ 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സടിച്ചപ്പോള്‍ 75 പന്തില്‍ 101 റണ്‍സുമായാണ് രോഹിത് കളം വിട്ടത്.

ഗുവാഹത്തിയില്‍ രണ്ട് റണ്‍സ് കൂടി നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണറെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ഏറ്റവും വേഗം ഈ നാഴികക്കല്ല് താണ്ടുന്ന താരമായും രോഹിത് ചരിത്രത്താളുകളില്‍ ഇടം പിടിക്കുമായിരുന്നു.

രോഹിത് ശര്‍മ. Photo: BCCI/x.com

വരും മത്സരത്തില്‍ തന്നെ രോഹിത് ഈ റെക്കോഡിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ പതിനായിരമടിക്കാന്‍ സാധിച്ചില്ലെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച സെഞ്ച്വറിക്കൊപ്പം മറ്റൊരു റെക്കോഡിലെത്താന്‍ രോഹിത്തിനായി. ഏകദിനത്തില്‍ 12,000 റണ്‍സെന്ന നാഴികക്കല്ലാണ് ഹിറ്റ്മാന്‍ ഗുവാഹത്തിയില്‍ മറികടന്നത്.

വിന്‍ഡീസിനെതിരെ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഹിറ്റ്മാന്‍ 12,000 റണ്‍സ് മാര്‍ക്കിലെത്തിയത്. ഈ റെക്കോഡിലെത്തുന്ന ഏഴാം താരവും മൂന്നാം ഇന്ത്യന്‍ താരവുമാണ് രോഹിത്.

തന്റെ കരിയറിലെ 282ാം ഇന്നിങ്‌സിലാണ് രോഹിത് 12,000 റണ്‍സടിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിക്കാനും രോഹിത്തിന് സാധിച്ചു.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍

(താരം ടീം ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 242

രോഹിത് ശര്‍മ – ഇന്ത്യ – 282*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 300

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 314

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 336

സനത് ജയസൂര്യ – ശ്രീലങ്ക – 379

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 399

രോഹിത് ശര്‍മ. Photo: BCCI/x.com

അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയുടെ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളുയരുമ്പോഴാണ് താരം റണ്ണടിച്ചും റെക്കോഡുകള്‍ തകര്‍ത്തും വിമര്‍ശകരെ തോല്‍പ്പിക്കുന്നത്. പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തിലും താരം തിളങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Rohit Sharma can become an opener to score 10,000 runs in ODIs if he scores two more runs.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more