| Tuesday, 30th December 2025, 4:34 pm

ചാമ്പ്യൻസ് ട്രോഫി കിരീടം മുതൽ ഏകദിന ഒന്നാം റാങ്കുവരെ; രോഹിത്തിനും ഈ വർഷം തിളക്കമേറെ...

ഫസീഹ പി.സി.

രോഹിത് ശർമയെന്ന ഇന്ത്യൻ ക്യാപ്റ്റന്റെ പടിയിറക്കത്തിന് സാക്ഷിയായ വർഷം കൂടിയാണ് 2025. ഈ വർഷത്തിന്റെ തുടക്കത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിച്ച താരമിപ്പോൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനോട് പാടെ വിട പറഞ്ഞപ്പോൾ 50 ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റൻസിയുടെ ബാറ്റൺ ശുഭ്മൻ ഗില്ലിന് കൈമാറപ്പെടുകയായിരുന്നു.

രോഹിത് ശർമ. Photo: BCCI/x.com

എങ്കിലും രോഹിത് എന്ന ഇന്ത്യൻ ഓപ്പണർ തന്റെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ഈ വർഷത്തെ അവിസ്മരണീയമാക്കിയിട്ടുണ്ട്. ഈ വർഷം തുടക്കം താരത്തിന് അത്ര മികച്ചതായിരുന്നില്ല. ടെസ്റ്റിൽ മോശം ഫോം കാരണം നായകൻ സ്വയം ടീമിന് പുറത്തിരിക്കുന്ന കാഴ്ചയാണ് ജനുവരിയിൽ നമ്മൾ കണ്ടത്.

എന്നാൽ, അടുത്ത മാസം അതിന്റെ ചിത്രം മാറി. രോഹിത്തിന് കീഴിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മിന്നും പ്രകടനം നടത്തുന്നതാണ് നമ്മൾ കണ്ടത്. കൂടാതെ, ടൂർണമെന്റിൽ ഇന്ത്യയെ ചാമ്പ്യന്മാരുമാക്കി. അത് രോഹിത്തിന്റെ കരിയറിൽ തന്നെ ഒരു പൊൻതൂവലായി.

പിന്നാലെ ഐ.പി.എല്ലിലും രോഹിത് മുംബൈക്കായി ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തി. 418 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് അർധ സെഞ്ച്വറികളാണ് താരം ഈ സീസണിൽ അടിച്ചത്.

Photo: x.com

സീസണിനിടയിൽ അപ്രതീക്ഷിതമായി രോഹിത് താൻ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചു. താരത്തെ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു പടിയിറക്കം. പിന്നാലെ നാല് മാസങ്ങളോളം രോഹിത് കളത്തിലേക്ക് തിരികെ എത്തിയില്ല.

ഒക്ടോബറിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു രോഹിത് പിന്നീട് ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങിയത്. അതിലാകട്ടെ ക്യാപ്റ്റനല്ലാതെ ഓപ്പണറായാണ് കളത്തിൽ ഇറങ്ങിയത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും അടുത്ത മത്സരങ്ങളിൽ വെടിക്കെട്ടുമായി താരം കളം നിറഞ്ഞു കളിച്ചു.

രണ്ടാം മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ രോഹിത് താൻ കളി മറന്നിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. അവസാന മത്സരത്തിൽ സെഞ്ച്വറി നേടി വിമർശകരുടെ വായടപ്പിച്ചു. താനും വിരാടും ഇവിടെ തന്നെയുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഒരു ഇന്നിങ്‌സ് കൂടിയായിരുന്നു അത്.

രോഹിത് ശർമ. Photo: BCCI/x.com

പിന്നാലെത്തിയ സൗത്ത് ആഫ്രിക്കൻ പരമ്പരയിലും ഇന്ത്യൻ ഓപ്പണർ രണ്ട് അർധ സെഞ്ച്വറികളുമായി തിളങ്ങി. ഇതിനൊപ്പം തന്നെ പല റെക്കോർഡുകളും രോഹിത് തന്റെ അക്കൗണ്ടിൽ എത്തിച്ചു. അതിൽ ഒന്നാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരം എന്ന പട്ടം. പാക് താരം ഷാഹിദ് അഫ്രീദിയെ താഴെയിറക്കിയായിരുന്നു ഇന്ത്യൻ ഓപ്പണറുടെ കോട്ട കീഴടക്കൽ.

ഒപ്പം രോഹിത് ഓസ്‌ട്രേലിയൻ പര്യടനത്തിലെ സെഞ്ച്വറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി. സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്‌ലിയുമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയവർ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് എന്ന നാഴികക്കല്ലും രോഹിത് ഈ വർഷം സ്വന്തമാക്കി. കൂടാതെ, ഓസ്‌ട്രേലിയയിൽ കൂടുതൽ സെഞ്ച്വറി നേടുന്ന സന്ദർശക ബാറ്റർ, സേന രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി, ഐ,സി.സി ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന നേട്ടവും താരം തന്റെ പേരിൽ എഴുതി ചേർത്തു.

രോഹിത് ശർമ. Photo: BCCI/x.com

ഇതിനെല്ലാം പുറമെ, രോഹിത് ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാമാതാവുകയും ചെയ്തു. ഇടക്കൊന്ന് അത് കൈവിടേണ്ടി വന്നെങ്കിലും ഒന്നാം റാങ്കുകാരനായി തന്നെയാണ് ഈ വർഷം താരം അവസാനിപ്പിക്കുന്നത്. അടുത്ത വർഷവും താരം തന്റെ മികവ് ഏകദിനത്തിൽ തുടരുമെന്നാണ് ആരാധകർ കരുതുന്നത്.

Content Highlight: Rohit Sharma bagged some records in 2025 and ending this year as ODI no. 1 batter

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more