| Saturday, 25th October 2025, 10:43 pm

ഇനി ഞങ്ങള്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചുവരുമോ എന്ന് അറിയില്ല: രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 236 റണ്‍സ് 69 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സൂപ്പര്‍ താരം വിരാട് രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ വിജയം സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന് ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സംസാരിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ ആരാധകരോട് വിരാട് നന്ദി പറഞ്ഞു. മാത്രമല്ല 2008ല്‍ സിഡ്‌നിയില്‍ രോഹിത് മികച്ച പ്രകടനം നടത്തിയതിന്റെ ഓര്‍മകള്‍ മത്സരം ഫിനിഷ് ചെയ്യുന്നതില്‍ സഹായിച്ചെന്ന് രോഹിത്തും പറഞ്ഞു. മാത്രമല്ല ഇനി ഇരുവര്‍ക്കും ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര കളിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ പരമാവധി നല്‍കി, ഞങ്ങളെ സ്വാഗതം ചെയ്തതിന് നന്ദി. ഓസ്ട്രേലിയയില്‍ ഞങ്ങള്‍ക്ക് ഒരിക്കലും പിന്തുണയുടെ കുറവ് തോന്നിയിട്ടില്ല,’ വിരാട് കോഹ്‌ലി പറഞ്ഞു.

‘ഓസ്‌ട്രേലിയയില്‍ ഞാന്‍ ബാറ്റിങ് ആസ്വദിച്ചു. 2008ലെ മനോഹരമായ ഓര്‍മകള്‍ എനിക്കുണ്ട്. ഫിനിഷ് ചെയ്യാന്‍ നല്ലൊരു മാര്‍ഗമായിരുന്നു അത്. ഇനി ഞങ്ങള്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചുവരുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത്രയും വര്‍ഷമായി ഇവിടെ കളിക്കാന്‍ കഴിയുന്നത് സന്തോഷകരമാണ്. നന്ദി, ഓസ്ട്രേലിയ,’ രോഹിത് പറഞ്ഞു.

മത്സരത്തില്‍ രോഹിത് ശര്‍മ 125 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 121 റണ്‍സാണ് പുറത്താകാതെ നേടിയത്. തന്റെ 33ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സിഡ്‌നിയില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്‌ലി 81 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സും നേടിയും തിളങ്ങി.

അതേസമയം ഓസ്‌ട്രേലിയ്ക്കായി മത്സരത്തില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Rohit Sharma And Virat Kohli Talking About Victory In Australia

We use cookies to give you the best possible experience. Learn more