| Saturday, 18th July 2026, 10:14 am

ഏകദിനത്തില്‍ ഒരുമിച്ച് 400 അടിക്കാം; പുതിയ ചരിത്രമെഴുതാന്‍ രോ-കോ

സുദേവ് എ

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. ലോര്‍ഡ്സാണ് വേദി. നിലവില്‍ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. ലോര്‍ഡ്സില്‍ നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

ഈ മത്സരത്തില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരുമിച്ച് 400 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ജോഡിയെന്ന നേട്ടമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. 391 മത്സരങ്ങള്‍ ഒരുമിച്ച് കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് ഇരുവര്‍ക്കും പുറകിലുള്ളത്.

ലോര്‍ഡ്സില്‍ നടക്കുന്ന ഈ മത്സരം ഇന്ത്യന്‍ കുപ്പായത്തിലുള്ള രോഹിത്തിന്റെ അവസാന മത്സരമാണെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്. 2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള പദ്ധതിയില്‍ രോഹിത് ഇല്ലെന്ന റിപ്പോര്‍ട്ടും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ രോഹിത് ഏകദിനത്തില്‍ തുടരുമെന്ന വാര്‍ത്തകളും ഇതിനോടൊപ്പം നിലനില്‍ക്കുന്നുണ്ട്.

അതേസമയം പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്. സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Content Highlight: Rohit Sharma and Virat Kohli set a new history in ODI

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more