സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 30ന് റാഞ്ചിയാണ് അരങ്ങേറുന്നത്. പരമ്പരക്കായുള്ള 15 അംഗ സ്‌ക്വാഡും ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളതാണ് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ രോഹിത്തിനേയും വിരാടിനേയും കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഇരുവരും ഒരുമിച്ച് കളത്തിലിറങ്ങിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജോഡിയായി കളിച്ച താരങ്ങളാകാനാണ് രോഹിത്തിനും വിരാടിനും സാധിക്കുക. ഈ നേട്ടത്തില്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും രാഹുല്‍ ദ്രാവിഡിന്റേയും റെക്കോഡ് മറികടക്കാനാണ് രോഹിത്തിനും വിരാടിനുമുള്ള അവസരം.
വിരാട് കോഹ്‌ലി & രോഹിത് ശര്‍മ – 391
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & രാഹുല്‍ ദ്രാവിഡ് – 391
രാഹുല്‍ ദ്രാവിഡ് & സൗരവ് ഗാംഗുലി – 369
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & അനില്‍ കുംബ്ലെ – 367
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & സൗരവ് ഗാംഗുലി – 341
വിരാട് കോഹ്‌ലി & രവീന്ദ്ര ജഡേജ – 309
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & മുഹമ്മദ് അസറുദ്ദീന്‍ – 292
വിരാട് കോഹ്‌ലി & എം.എസ്. ധോണി – 285
അതേസമയം പ്രോട്ടിയാസിനെതിരെ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പര്യടനത്തിലെ ടെസ്റ്റ് മത്സരത്തില്‍ പരിക്ക് പറ്റിയ ശുഭ്മന്‍ ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.
കൂടാതെ സ്‌ക്വാഡിലേക്ക് റിതുരാജ് ഗെയ്ക്വാദും തിരിച്ചെത്തിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമാണ് താരം ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയത്. അതേസമയം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെയും സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെയും സ്‌ക്വാഡില്‍ പരിഗണിച്ചില്ല.
പേസര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണയും സ്‌ക്വാഡില്‍ ഇടം നേടി. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.
രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)
Content Highlight: Rohit Sharma And Virat Kohli Need One More Match With Batting Pair For Great Record