ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളായാണ് രോഹിത്തും കോഹ്ലിയും മാറിയത്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിലാണ് ഈ ചരിത്രനേട്ടം പിറവിയെടുത്തത്.
ഇരുവരുടെയും 278ാം ഐ.പി.എല്‍ മത്സരമാണിത്. ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത് ഒരേ മത്സരത്തിലാണെന്നതും ശ്രദ്ധേയമാണ്. ഐപിഎല്ലില്‍ 2008ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് ഡെക്കാന്‍ ചാര്‍ജേഴ്സിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളിച്ചിട്ടുണ്ട്. 2011ലാണ് രോഹിത് ഡെക്കാനില്‍ നിന്നും മുംബൈയിലെത്തുന്നത്. ഡെക്കാന് വേണ്ടി 46 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ രോഹിത് മുംബൈക്കായി 232 മത്സരങ്ങളും കളിച്ചു.
മറുഭാഗത്ത് കോഹ്ലി 19 വര്‍ഷമായും ആര്‍.സി.ബിക്കൊപ്പമാണ്. ഒരൊറ്റ ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും കോഹ്ലി തന്നെയാണ്.
നിലവില്‍ ഈ റെക്കോഡില്‍ ഇന്ത്യയുടെ ഇതിഹാസ നായകനും മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകനായ എം.എസ് ധോണിക്കൊപ്പമാണ് രോഹിത്തും കോഹ്ലിയുമുള്ളത്.
ചെന്നൈക്ക് പുറമെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ് ധോണി കളിച്ചിട്ടുള്ളത്. 2016, 2017 സീസണുകളില്‍ 30 മത്സരങ്ങളിലാണ് ധോണി പൂനെക്കായി കളിച്ചത്. 248 മത്സരങ്ങളാണ് ധോണി ചെന്നൈക്ക് വേണ്ടി കളിച്ചത്. ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ ധോണിക്ക് സാധിച്ചിട്ടില്ല.
എം.എസ് ധോണി-278
വിരാട് കോഹ്ലി-278
രോഹിത് ശര്‍മ-278
രവീന്ദ്ര ജഡേജ-265
ദിനേശ് കാര്‍ത്തിക്-257
അതേസമയം റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 42 പന്തില്‍ 57 റണ്‍സാണ് തിലക് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
നമന്‍ ധിര്‍ 32 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 47 റണ്‍സും നേടി ടീമിന് മാന്യമായ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. രോഹിത് ശര്‍മ 10 പന്തില്‍ 22 റണ്‍സും നേടി.
ബെംഗളൂരുവിന്റെ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഭുവനേശ്വര്‍ കുമാറാണ്. നാല് ഓവറില്‍ 23 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ജോഷ് ഹേസല്‍വുഡ്. റാഷിഖ് സലാം, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി.
Content Highlight: Rohit Sharma and Virat Kohli Create a historical record in ipl