പാടന: ബീഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആര്‍.ജെ.ഡി നേതാവായ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതായി റിപ്പോര്‍ട്ട്.
ലാലു പ്രസാദിന്റെ മകളും തേജസ്വി യാദവിന്റെ സഹോദരിയുമായ രോഹിണി ആചാര്യ പാര്‍ട്ടിയും കുടുംബവും ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വീണ്ടും കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിണി.
തേജസ്വി യാദവ് തന്നെ അപമാനിക്കുകയും ചീത്ത വിളിക്കുകയും ചെരിപ്പൂരി അടിക്കാനായി ശ്രമിച്ചെന്നും രോഹിണി ആരോപിച്ചു. തന്റെ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ചുപോവാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും രോഹിണി എക്‌സില്‍ കുറിച്ച വൈകാരിക പോസ്റ്റില്‍ പറഞ്ഞു.
‘ഒരു മകളും ഒരു സഹോദരിയും വിവാഹിതയും അമ്മയുമായ ഒരാളെ അവര്‍ ഇന്നലെ അപമാനിച്ചു, തനിക്ക് നേരെ മോശം അധിക്ഷേപങ്ങള്‍ ഉന്നയിച്ചു. അടിക്കാന്‍ ചെരുപ്പ് ഉയര്‍ത്തി. എന്റെ ആത്മാഭിമാനത്തില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്തില്ല, ഞാന്‍ സത്യം ഉപേക്ഷിച്ചില്ല, അതുകൊണ്ടാണ് എനിക്ക് ഈ അപമാനം സഹിക്കേണ്ടി വന്നത്.
ഇന്നലെ ഒരു മകള്‍ക്ക് നിര്‍ബന്ധം കാരണം, കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ച് പോവേണ്ടി വന്നു. അവര്‍ എന്നെ എന്റെ മാതൃഭവനത്തില്‍ നിന്ന് വലിച്ചെറിഞ്ഞു.
അവര്‍ എന്നെ അനാഥയാക്കി. നിങ്ങള്‍ക്ക് ആര്‍ക്കും എന്റെ അവസ്ഥ വരാതിരിക്കട്ടെ. ഒരിക്കലും ഒരു കുടുംബത്തിലും രോഹിണിയെപ്പോലുള്ള ഒരു മകള്‍-സഹോദരി ഉണ്ടാകാതിരിക്കട്ടെ,’ രോഹിണി ആചാര്യ ഹിന്ദിയില്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
2022ല്‍ പിതാവായ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്തതിനെ തേജസ്വിയടക്കം അവഹേളിച്ചെന്ന് രോഹിണി ആരോപിച്ചു. വൃത്തികെട്ട വൃക്ക നല്‍കി ലക്ഷങ്ങള്‍ വാങ്ങി തെരഞ്ഞെടുപ്പിന് സീറ്റ് ഒപ്പിച്ചുവെന്ന് അവര്‍ ആരോപിച്ചെന്നും രോഹിണി മറ്റൊരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
രോഹിണിക്ക് പുറമെ ലാലു പ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെണ്‍മക്കള്‍ കൂടി കുടുംബവീട് വിട്ട് ദല്‍ഹിയിലേക്ക് തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരാണ് കുടുംബത്തോടൊപ്പം പാട്‌നയിലെ കുടുംബവീട് ഉപേക്ഷിച്ച് പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇത്തവണ ദയനീയ പ്രകടനമാണ് ആര്‍.ജെ.ഡി നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ഇത്തവണ പാര്‍ട്ടിക്ക് വെറും 25 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. സഖ്യകക്ഷിയായ കോണ്‍ഗ്രസാകട്ടെ വെറും ആറ് സീറ്റിലാണ് വിജയിച്ചത്.
ആര്‍.ജെ.ഡിയുടെ തോല്‍വിക്ക് പിന്നാലെ തന്നെ സിംഗപ്പൂരില്‍ ഡോക്ടറായ രോഹിണി ആചാര്യ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബങ്ങളിലൊന്നായ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലെ വിള്ളല്‍ പുറംലോകത്തെത്തിയത്.
Content Highlight: Rohini Acharya says Tejashwi Yadav abused her and raised chappal to hit her; Three more sisters left home