| Friday, 30th January 2026, 6:36 pm

രോഹന്റെ 'സെഞ്ച്വറി' ചിറകിലേറി കേരളം; ഗോവക്കെതിരെ മികച്ച നിലയില്‍

ഫസീഹ പി.സി.

രഞ്ജി ട്രോഫിയില്‍ ഗോവക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ കേരളം മികച്ച നിലയില്‍. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റിന് 237 റണ്‍സെടുത്തിട്ടുണ്ട്. രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറുമാണ് ക്രീസിലുള്ളത്.

രോഹന്‍ സെഞ്ച്വറി നേടിയാണ് കേരളത്തിനായി ബാറ്റിങ് തുടരുന്നത്. താരം നിലവില്‍ 154 പന്തില്‍ 132 റണ്‍സാണ് എടുത്തിട്ടുള്ളത്. അഞ്ച് സിക്സും 13 ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. സല്‍മാന്‍ 56 പന്തില്‍ രണ്ട് ഫോറുമുള്‍പ്പടെ 25 റണ്‍സാണ് ഇതുവരെ എടുത്തത്.

അഭിഷേക് ജെ. നായരിന്റെയും സച്ചിന്‍ ബേബിയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഭിഷേക് 68 പന്തില്‍ 32 റണ്‍സാണ് എടുത്തത്. സച്ചിന്‍ 73 പന്തില്‍ 37 റണ്‍സെടുത്തും തിരികെ നടന്നു.

ഗോവക്കായി ലളിത് യാദവും അമൂല്യ പന്ദ്രേക്കരും ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഗോവ 335 റണ്‍സെടുത്തിരുന്നു. ഗോവക്കായി സുയാഷ് എസ്. പ്രഭുദേശായി, സമര്‍ ദുബാഷി, യഷ് കസ്വാങ്കര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. സുയാഷ് 172 പന്തില്‍ 86 റണ്‍സാണ് എടുത്തത്.

സമര്‍ 109 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്തപ്പോള്‍ യഷ് 97 പന്തില്‍ 50 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്ക് പുറമെ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (39 പന്തില്‍ 36), സ്‌നേഹല്‍ കൗതങ്കര്‍ (50 പന്തില്‍ 29) എന്നിവരും സംഭാവന ചെയ്തു.

കേരളത്തിനായി അങ്കിത് ശര്‍മ ആറ് വിക്കറ്റ് വീഴ്ത്തി. ബേസില്‍ എന്‍.പി. രണ്ട് വിക്കറ്റും നിധീഷ് എം. ഡി, സച്ചി ബേബി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Rohan Kunnumal score century against Goa in Ranji Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more