| Saturday, 3rd January 2026, 3:18 pm

രോഹന് സെഞ്ച്വറി, സഞ്ജുവിന് ഫിഫ്റ്റി; ഇഷാന്റെ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന്റെ വെടിക്കെട്ട്

ഫസീഹ പി.സി.

വിജയ ഹസാരെയില്‍ ജാര്‍ഖണ്ഡിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി കേരളം. 22 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടമില്ലാതെ കുതിക്കുകയാണ്. രോഹന്‍ കുന്നുമ്മലിന്റെയും സഞ്ജു സാംസണിന്റെയും കരുത്തിലാണ് ടീം മികച്ച പ്രകടനം നടത്തുന്നത്.

നിലവില്‍ മറുപടി ബാറ്റിങ് നടത്തുന്ന കേരളം 191 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ രോഹനും സഞ്ജുവും ജാര്‍ഖണ്ഡ് താരങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കാതെയാണ് വെടിക്കെട്ട് നടത്തുന്നത്. ഇതില്‍ ഏറ്റവും അപകടകാരി സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലാണ്.

നിലവില്‍ രോഹന്‍ 70 പന്തില്‍ 116 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 10 സിക്സും എട്ട് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത്. 161.11 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

മറുവശത്ത് സഞ്ജുവും മികച്ച ബാറ്റിങ് നടത്തി ക്രീസില്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. താരം 67 പന്തില്‍ 75 റണ്‍സാണ് ഇതുവരെ സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും ഏഴ് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഗാലറിയിലെത്തിയത്.

Photo: Johns/x.com

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴ് വിക്കറ്റിന് 311 റണ്‍സെടുത്തിരുന്നു. ടീമിനായി കുമാര്‍ കുശാഗ്രയാണ് മികച്ച പ്രകടനം നടത്തിയത്. താരം അടിച്ചെടുത്തത് 137 പന്തില്‍ 143 റണ്‍സാണ്.

ഒപ്പം അങ്കുല്‍ റോയും മികവ് പുലര്‍ത്തി. താരം 72 പന്തില്‍ 72 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനടക്കം മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. ഒപ്പം ബാബ അപരാജിത് രണ്ട് വിക്കറ്റും ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Rohan Kunnumal hits Century and Sanju Samson hits fifty against Ishan Kishan’s Jharkhand in Vijay Hazare Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more