| Friday, 13th June 2025, 11:26 am

തെമ്മാടിരാഷ്ട്രം; ഇസ്രഈലിന് അമേരിക്കയുടെ ധൈര്യത്തില്‍ എന്തും ചെയ്യാമെന്ന ധിക്കാരം; ഇറാനെതിരായ ആക്രമണത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രഈല്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്നും യു.എസിന്റെ ധൈര്യത്തില്‍ എന്തും ചെയ്യാമെന്ന നിലപാടാണ് ഇസ്രഈലിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെതിരായ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രാജ്യത്തെ പൗരന്മാരുടെ സമാധാനത്തിന് ഇത് ഭീഷണിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

‘ഇസ്രഈല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണ്. സാധാരണഗതിയിലുള്ള ഒരു മര്യാദയും പാലിച്ചുപോകേണ്ടതില്ലെന്ന നിലപാടുള്ള ഒരു രാഷ്ട്രം. എന്തുമാകാം, അമേരിക്കയുടെ പിന്തുണയുണ്ടെന്ന ധിക്കാരപരമായ സമീപനമാണ് എല്ലാ കാലത്തും ഇസ്രഈല്‍ സ്വീകരിച്ചിട്ടുള്ളത്,’ മുഖ്യമന്ത്രി പറഞ്ഞു.

സമാധാനകാംക്ഷികളായ എല്ലാവരും ഇറാനെതിരായ ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രഈല്‍ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡിയാണെന്ന് ഇറാനെതിരായ ആക്രമണത്തില്‍ പ്രതികരിച്ചുകൊണ്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും സി.പി.ഐ.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ഇറാന് നേരെയുള്ള കടന്നാക്രമണം പ്രതിഷേധാര്‍ഹമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം ഇസ്രഈലിനെതിരെ ഇറാന്‍ ആക്രമണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്രഈലിലേക്ക് ഇറാന്‍ നൂറിലധികം ഡ്രോണുകള്‍ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ന് (വെള്ളി) പുലര്‍ച്ചെ മൂന്ന് മണിയോടെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ഇറാന്റെ തിരിച്ചടിയെന്നോണമാണ് ഡ്രോണാക്രമണം. ഇസ്രഈലും യു.എസും കനത്ത തിരിച്ചടി നേരിടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് തിരിച്ചടി.

ഇറാന്‍ ഇസ്രഈലിലേക്ക് ഏകദേശം 100 യു.എ.വികള്‍ വിക്ഷേപിച്ചതായി ഐ.ഡി.എഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ സ്ഥിരീകരിച്ചു. ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതായി രാജ്യത്തെ ഉന്നത നേതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Rogue nation; Israel’s arrogance that it can do anything with America’s courage; Chief Minister on attack on Iran

Latest Stories

We use cookies to give you the best possible experience. Learn more