| Monday, 2nd June 2025, 12:00 pm

റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായി തുടര്‍ന്നേക്കില്ല: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.സി.ഐ) പ്രസിഡന്റ് സ്ഥാനത്ത് റോജര്‍ ബിന്നി തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനത്തിരിക്കാനുള്ള പ്രായ പരിധി കഴിയുന്നതിനാലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത് എന്നാണ് വിവരം. ഈ വർഷം ജൂലൈ 19ന് അദ്ദേഹത്തിന് 70 വയസ് തികയും. ബി.സി.സി.ഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി 70 വയസാണ്.

ജൂലൈ മുതല്‍ മൂന്ന് മാസം ബി.സി.സി.ഐയുടെ നിലവിലെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ആക്ടിങ് പ്രസിഡന്റായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്‍.ഡി.ടി.വി പോലെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി 2022ലാണ് ബി.സി.സി.ഐ പ്രസിഡന്റായി റോജര്‍ ബിന്നി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിന്നി മാത്രമായിരുന്നു നോമിനേഷന്‍ നല്‍കിയിരുന്നത്. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു റോജർ ബിന്നി.

റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായിരുന്ന കാലത്താണ് ഇന്ത്യ 2024ല്‍ ഐ.സി.സി. ടി – 20 ലോകകപ്പും 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയത്. കൂടാതെ, ഐ.പി.എല്ലിന് സമാനമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ വുമണ്‍സ് പ്രീമിയര്‍ തുടക്കമിട്ടതും അദ്ദേഹമാണ്. ആഭ്യന്തര ക്രിക്കറ്റിനെ പരിപോഷിപ്പിക്കാനുള്ള പല തരത്തിലുള്ള നടപടികളും അദ്ദേഹത്തിന്റെ പ്രസിഡന്‍സിയില്‍ നടപ്പിലാക്കിയിരുന്നു.

അതേസമയം, രാജീവ് ശുക്ല 2020 മുതൽ ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റാണ്. 2017 വരെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (യു.പി.സി.എ) സെക്രട്ടറിയും 2018 വരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചെയർമാനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ഒരാൾ എത്തുന്നത്ത് വരെ ശുക്ലയായിരിക്കും പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുക. ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Roger Binny will not continue as BCCI President and Rajeev Shukla may appointed as acting president for three months

We use cookies to give you the best possible experience. Learn more